45 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ അടുത്ത 22 പന്തില്‍ സെഞ്ചുറിയിലെത്തി.  36 പന്തില്‍ 40 റണ്‍സെടുത്ത മോര്‍ഗനുമൊത്ത് 112 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ബട്‌ലര്‍ പങ്കാളിയായി.

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ജോസ് ബട്‌ലറുടെ(Jos Buttler) സെഞ്ചുറി മികിവില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ഇംഗ്ലണ്ടിന്(England) മികച്ച സ്കോര്‍. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബട്‌ലറുടെ അപരാജിത സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 67 പന്തില്‍ 101 റണ്‍സുമായി ബട്‌ലര്‍ പുറത്താകാതെ നിന്നു. ടി20 ക്രിക്കറ്റില്‍ ബട്‌ലറുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയാണിത്. ചമീര എറിഞ്ഞ ഇന്നിംഗ്സിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ബട്‌ലര്‍ തന്‍റെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിയാണ് ബട്‌ലര്‍ നേടിയത്.

തുടക്കത്തില്‍ തകര്‍ച്ച, പിന്നെ ഉയിര്‍പ്പ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ സ്പിന്നര്‍മാരിലൂടെ ലങ്ക വരിഞ്ഞു കെട്ടി. ഓപ്പണര്‍ ജേസണ്‍ റോയിയെ(9) തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്‍റെ സ്കോറിംഗ് മെല്ലെയായി. ഹസരങ്കക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഡേവിഡ് മലനെ(6) ചമീരയും ബെയര്‍സ്റ്റോയെ(0) ഹസരങ്കയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പവര്‍പ്ലേയില്‍ 35-3ലേക്ക് കൂപ്പുകുത്തി. പത്താം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 47-3 ആയിരുന്നു.

View post on Instagram

എന്നാല്‍ വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി ക്രീസ് നിറഞ്ഞ ബട്‌ലര്‍ ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കരകയറി. അവസാന 10 ഓവറില്‍ ബട്‌ലറും മോര്‍ഗനും ചേര്‍ന്ന് 117 റണ്‍സാണ് അടിച്ചു കൂട്ടിയത്. പതിനഞ്ചാം ഓവറില്‍ ലഹിരു കുമാരക്കെതിരെ മൂന്ന് സിക്സ് അടക്കം 22 റണ്‍സടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് ഗതിവേഗം നല്‍കിയത്.

Scroll to load tweet…

45 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ അടുത്ത 22 പന്തില്‍ സെഞ്ചുറിയിലെത്തി. 36 പന്തില്‍ 40 റണ്‍സെടുത്ത മോര്‍ഗനുമൊത്ത് 112 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ബട്‌ലര്‍ പങ്കാളിയായി. ശ്രീലങ്കക്കായി ഹസരങ്ക നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര 43 റണ്‍സിന് ഒരു വിക്കറ്റെടുത്തു.