ടി20 ലോകകപ്പിലെ സൂപ്പര്‍ 12 ഫോര്‍മാറ്റ് മികച്ച ടീമുകള്‍ക്ക് നല്ല അവസരമാണ്. ഒരു തോല്‍വിയില്‍ തട്ടി പുറത്തുപോകുന്ന അവസരം ഇത് ഇല്ലാതാക്കും. മുന്‍ ടൂര്‍ണമെന്‍റുകളില്‍ ഒരു മത്സരത്തിലെ തോല്‍വി പോലും യോഗ്യത നഷ്ടമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇത്തവണ അതില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

ദുബായ്: ബാറ്റിംഗിലെ മോശം ഫോം കണക്കിലെടുത്ത് ടി20 ലോകകപ്പില്‍(T20 World Cup 2021) ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട്(England) നായകന്‍ ഓയിന്‍ മോര്‍ഗന്‍(Eoin Morgan). ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബാറ്റിംഗില്‍ മോര്‍ഗന്‍ സമ്പൂര്‍ണ പരാജയമായിരുന്നു. ഐപിഎല്ലില്‍ 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്.

എല്ലായ്പ്പോഴും പറയുന്ന കാര്യം മാത്രമാണ് എനിക്കിപ്പോഴും പറയാനുള്ളത്. സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഇംഗ്ലണ്ട് ടീം ലോകകപ്പ് നേടുന്നതിന് തടസമായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ റണ്‍സടിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ എന്‍റെ ക്യാപ്റ്റന്‍സി അത്ര മോശമാണെന്ന് തോന്നുന്നില്ല. ഇതെല്ലാം വ്യത്യസ്ത വെല്ലുവിളികളായി കാണാനാണ് ഞാന്‍ ആഗ്രഹിക്കനുന്നത്.

ഒരു ബൗളറല്ലാത്ത സ്ഥിതിക്ക് ഫീല്‍ഡിംഗിലും കാര്യമായി സംഭാവന ചെയ്യാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് എന്‍റേതായ സംഭാവന നല്‍കാന്‍ കഴിയും. മോശം ഫോമിന്‍റെ കാലമൊന്നും എനിക്ക് മറികടക്കാനായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാനിവിടെ നില്‍ക്കില്ലായിരുന്നു. ടി20 ക്രിക്കറ്റില്‍ എല്ലായ്പ്പോഴും റിസ്ക് എടുത്ത് ബാറ്റ് ചെയ്യേണ്ടിവരും. ഞാനും അത് തന്നെയാണ് ചെയ്യുന്നത്. ടീം ആവശ്യപ്പെടുന്നിടത്തോളം ടീമില്‍ തുടരും. വേണ്ടാ എന്നു പറഞ്ഞാല്‍ മാറി നില്‍ക്കും.

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 ഫോര്‍മാറ്റ് മികച്ച ടീമുകള്‍ക്ക് നല്ല അവസരമാണ്. ഒരു തോല്‍വിയില്‍ തട്ടി പുറത്തുപോകുന്ന അവസരം ഇത് ഇല്ലാതാക്കും. മുന്‍ ടൂര്‍ണമെന്‍റുകളില്‍ ഒരു മത്സരത്തിലെ തോല്‍വി പോലും യോഗ്യത നഷ്ടമാക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇത്തവണ അതില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

ഓയിന്‍ മോര്‍ഗന്‍റെ കീഴിലാണ് ഇംഗ്ലണ്ട് 2019ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയത്. അവസാനം നടന്ന ടി20 ലോകകപ്പില്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഫൈനലിലുമെത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുമായി നടന്ന സന്നാഹ മത്സരത്തില്‍ മോര്‍ഗന് ഇംഗ്ലണ്ട് വിശ്രമം നല്‍കിയിരുന്നു. മോര്‍ഗന് പകരം ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു.