Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ഷഹീന്‍ അഫ്രീദിയുടെ ഇരട്ട പ്രഹരം; ഇന്ത്യക്ക് രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനേയും നഷ്‌ടം

ടീം ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരം. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ എല്‍ബിയില്‍ പുറത്തായി. 

T20 World Cup 2021 IND vs PAK Super 12 Match India lose Rohit Sharma and KL Rahul Wicket
Author
Dubai - United Arab Emirates, First Published Oct 24, 2021, 7:50 PM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ(Pakistan) ആവേശപ്പോരില്‍ തുടക്കം കാലിടറി ടീം ഇന്ത്യ(Team India). 2.1 ഓവറിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(0) കെ എല്‍ രാഹുലിനേയും(3) ഇന്‍-സ്വിങ്ങറുകളില്‍ പുറത്താക്കി പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കിയത്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ എല്‍ബിയില്‍ പുറത്താവുകയായിരുന്നു. മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍ തന്നെ കെ എല്‍ രാഹുലിനെ ഒന്നാന്തരമൊരു ഇന്‍-സ്വിങ്ങറില്‍ അഫ്രീദി കുറ്റി പിഴുതു. 

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്‍റെ ആശങ്കയിലായിരുന്ന സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്‌പിന്നര്‍. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വര്‍ കുമാര്‍ മൂന്നാം പേസറായെത്തി. ബാറ്റിംഗില്‍ ഇഷാന്‍ കിഷനെ മറികടന്ന് സൂര്യകുമാര്‍ യാദവും സ്ഥാനം കണ്ടെത്തി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര. 

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിഫ് റൗഫ്, ഷഹീന്‍ അഫ്രീദി. 

ചരിത്രം ഇന്ത്യക്കൊപ്പം

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് തീപാറും പോരാട്ടം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന്‍ ഓരോ ജയവും തോല്‍വിയും രുചിച്ചു.

ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി

Follow Us:
Download App:
  • android
  • ios