Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ബ്രേക്ക് ത്രൂ കിട്ടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍; പാകിസ്ഥാന്‍ മുന്നേറുന്നു

നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍.

T20 World Cup 2021 IND vs PAK Super 12 Match Mohammad Rizwan Babar Azam gave Pakistan good start
Author
Dubai - United Arab Emirates, First Published Oct 24, 2021, 10:00 PM IST
  • Facebook
  • Twitter
  • Whatsapp

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യ(Team India) മുന്നോട്ടുവെച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്(Pakistan) മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 43 റണ്‍സ് എന്ന നിലയിലാണ് പാക്. നായകന്‍ ബാബര്‍ അസമും(Babar Azam), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനുമാണ്(Mohammad Rizwan) ക്രീസില്‍. 

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ടീം ഇന്ത്യ വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ ഇന്നിംഗ്‌സിന്‍റേയും കരുത്തില്‍ പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തു. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

തുടക്കം അഫ്രീദി കൊടുങ്കാറ്റോടെ!

2.1 ഓവറിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയെയും(0) കെ എല്‍ രാഹുലിനേയും(3) ഇന്‍-സ്വിങ്ങറുകളില്‍ പുറത്താക്കി പേസര്‍ ഷഹീന്‍ അഫ്രീദി തുടക്കത്തിലെ ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ എല്‍ബിയില്‍ പുറത്താവുകയായിരുന്നു. മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍ തന്നെ കെ എല്‍ രാഹുലിനെ ഒന്നാന്തരമൊരു ഇന്‍-സ്വിങ്ങറില്‍ അഫ്രീദി കുറ്റി പിഴുതു. 

അവിടംകൊണ്ടും അവസാനിച്ചില്ല. തന്‍റെ ആദ്യ ഓവര്‍ എറിയാനെത്തിയ ഹസന്‍ അലി നാലാം പന്തില്‍ സൂര്യകുമാറിനെ(11) വിക്കറ്റിന് പിന്നില്‍ റിസ്‌വാന്‍റെ കൈകളിലെത്തിച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 36-3 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ നാലാം വിക്കറ്റില്‍ 53 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി വിരാട് കോലിയും റിഷഭ് പന്തും രക്ഷകരായി. ഹസന്‍ അലിയെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ക്ക് പറത്തി ഗിയര്‍ മാറ്റിയ റിഷഭിനെ(39) 13-ാം ഓവറിലെ രണ്ടാം പന്തില്‍ ഷദാബ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 84-4. 

കരപറ്റിച്ച് കോലി 

ഇതിന് ശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു അഭിമാനപ്പോരാട്ടത്തില്‍ നായകന്‍റെ കളിയുമായി കിംഗ്‌ കോലി. എന്നാല്‍ കോലി 45 പന്തില്‍ ഫിഫ്റ്റി പിന്നിട്ടതിന് തൊട്ടുപിന്നാലെ ജഡേജയെ(13) 18-ാം ഓവറില്‍ ഹസന്‍ അലി പുറത്താക്കി. 19-ാം ഓവറില്‍ അഫ്രീദി കോലിയെ(49 പന്തില്‍ 57) റിസ്‌വാന്‍റെ കൈകളിലെത്തിച്ചു. റൗഫിന്‍റെ അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ(11) വീണത് ഇന്ത്യയുടെ ഫിനിഷിംഗ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ഭുവിയും(5*) ഷമിയും(0*) പുറത്താകാതെ നിന്നു.  

ടോസ് പാകിസ്ഥാന്

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിന്‍റെ ആശങ്കയിലായിരുന്ന സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയാണ് മറ്റൊരു സ്‌പിന്നര്‍. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചപ്പോള്‍ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഭുവനേശ്വര്‍ കുമാര്‍ മൂന്നാം പേസറായെത്തി. ബാറ്റിംഗില്‍ ഇഷാന്‍ കിഷനെ മറികടന്ന് സൂര്യകുമാര്‍ യാദവും സ്ഥാനം കണ്ടെത്തി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര. 

പാകിസ്ഥാന്‍ ടീം: ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഹാരിഫ് റൗഫ്, ഷഹീന്‍ അഫ്രീദി. 

Follow Us:
Download App:
  • android
  • ios