ലോകകപ്പിന് ഇറങ്ങും മുമ്പ് താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് നായകന്‍ വിരാട് കോലി

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021) മുമ്പ് ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ(Bhuvneshwar Kumar) ഫോം ചര്‍ച്ചാവിഷയമാണ്. അടുത്തിടെ യുഎഇയില്‍ അവസാനിച്ച ഐപിഎല്ലില്‍(IPL 2021) മോശം പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) കുപ്പായത്തില്‍ ഭുവി കാഴ്‌ചവെച്ചത്. എന്നാല്‍ ലോകകപ്പിന് ഇറങ്ങും മുമ്പ് താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). 

'ഭുവനേശ്വര്‍ കുമാറിന്‍റെ ഫോമിനെ കുറിച്ച് തെല്ലും ആശങ്കയില്ല. അദേഹത്തിന്‍റെ ഇക്കോണമി ഇപ്പോഴും മികച്ചതാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പരിചയസമ്പത്ത് ഗുണം ചെയ്യുന്നതാണ് എപ്പോഴും ഭുവിയുടെ പ്രത്യേകത. ടി20 ക്രിക്കറ്റിലെ അപകടകാരിയായ രണ്ടോ മൂന്നോ ലോവര്‍ ഓര്‍ഡര്‍ ഫിനിഷര്‍മാരില്‍ ഒരാളായ എ ബി ഡിവില്ലിയേഴ്‌സിനെ ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഭുവി വരിഞ്ഞുമുറുക്കിയത് നമ്മള്‍ കണ്ടതാണ്'. 

വിരാട് കോലിക്ക് വേണ്ടി ടി20 ലോകകപ്പ് നേടൂ; ഇന്ത്യന്‍ താരങ്ങളോട് സുരേഷ് റെയ്‌ന

ഭുവിയുടെ പരിചയസമ്പത്തിന് വിലയിടല്ലേ...

'ഭുവിയുടെ പരിചയസമ്പത്ത് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. മൈതാനത്തിന്‍റെ രൂപമനുസരിച്ച് ബാറ്റ്സ്‌മാന്‍മാര്‍ പന്ത് ഹിറ്റ് ചെയ്യുന്നയിടങ്ങള്‍, ഏത് സമയം എങ്ങനെ ബൗള്‍ ചെയ്യണം എന്നിവയെല്ലാം ഭുവിക്ക് കൃത്യമായി അറിയാം. മികച്ച ലെങ്തില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിയുന്ന താരത്തെ ടി20 ക്രിക്കറ്റില്‍, പ്രത്യേകിച്ച് ന്യൂബോളില്‍ നിന്ന് തഴയുക എളുപ്പമല്ല. ഭുവിയുടെ പരിചയസമ്പത്തും കൃത്യതയും ഇന്ത്യന്‍ ടീമിന് വിലമതിക്കാനാവാത്തതാണ്' എന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ പതിനാലാം സീസണിന്‍റെ യുഎഇ പാദത്തില്‍ ആറ് മത്സരങ്ങളില്‍ വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. ബൗളിംഗ് ശരാശരി 54 ആണെങ്കില്‍ ഇക്കോണമി 7.04. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് വീരന്‍ എബിഡി ക്രീസില്‍ നില്‍ക്കേ അവസാന ഓവറില്‍ 12 റണ്‍സ് ഭുവനേശ്വര്‍ കുമാര്‍ പ്രതിരോധിച്ചിരുന്നു. 

ടി20 ലോകകപ്പ്: അശ്വിനെ ടീമിലെടുത്തത് ഒന്നും കാണാതെയല്ല; കാരണങ്ങള്‍ വെളിപ്പെടുത്തി കോലി

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

10 വിക്കറ്റ് ജയം! ടി20 ലോകകപ്പ് യോഗ്യതാ മത്സരം ആഘോഷമാക്കി ഒമാന്‍