'വാര്‍ണറും ഓസ്‌ട്രേലിയയുടെ ബാറ്റിംഗും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് തോന്നുന്നത്'

ദുബായ്: ടി20 ലോകകപ്പ് ഫൈനലില്‍(T20 World Cup 2021 Final) താളം കണ്ടെത്തിയാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(David Warner) ന്യൂസിലന്‍ഡില്‍ നിന്ന് മത്സരം(NZ vs AUS) അനായാസം തട്ടിയെടുക്കുമെന്ന് മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍(Ian Chappell). ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഫോമിലല്ലായിരുന്ന വാര്‍ണര്‍ സെമിയുള്‍പ്പടെയുള്ള അവസാന നിര്‍ണായക മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തിയത് പരിഗണിച്ചാണ് ചാപ്പലിന്‍റെ വാക്കുകള്‍. 

'വാര്‍ണറും ഓസ്‌ട്രേലിയയുടെ ബാറ്റിംഗും, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാണ് തോന്നുന്നത്. മുന്നോട്ടുകുതിച്ചാല്‍ എതിരാളികളില്‍ നിന്ന് മത്സരം അതിവേഗം അകറ്റാന്‍ വാര്‍ണര്‍ക്കാകും. ഓസ്‌ട്രേലിയക്ക് ശക്തമായ ബാറ്റിംഗ് നിരയുണ്ട്. ന്യൂസിലന്‍ഡ് കൂടുതല്‍ ശ്രദ്ധിക്കുന്നത് അവരുടെ ബൗളിംഗിലാണ്. അതിനാല്‍ ഓസീസ് ബാറ്റിംഗാവും നിര്‍ണായകം എന്നാണ് എനിക്ക് തോന്നുന്നത്. അതാണ് ടി20 ക്രിക്കറ്റിലെ കാര്യം. ഒന്നോ രണ്ടോ മോശം ഓവറുകള്‍ മത്സരം തോല്‍പിക്കും. ഒന്നോ രണ്ടോ നല്ല ഓവറുകള്‍ മത്സരം ജയിപ്പിക്കുകയും ചെയ്യും'. 

സ്‌മിത്ത് ടീമിനാവശ്യം, കാരണമുണ്ട് 

സ്റ്റീവ് സ്‌മിത്ത് ടീമില്‍ മൂല്യമില്ലാത്ത താരമാണെങ്കില്‍ ആ ടീമില്‍ എന്തോ പിഴവുണ്ട് എന്നാണ് പറയാനുള്ളത്. സ്‌മിത്ത് മികച്ച താരമാണ്. അദേഹത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ പോരായ്‌മകളുണ്ട്. നേരത്തെ വിക്കറ്റുകള്‍ വീണാല്‍ ബാറ്റിംഗ് സന്തുലിതമാക്കാന്‍ സ്‌മിത്തിനെ അയക്കണം. അതേസമയം മുന്‍നിര നന്നായി പോയാല്‍ സ്‌മിത്തിനെ താഴേക്ക് ഇറക്കുകയും വേണം എന്നും ഇയാന്‍ ചാപ്പല്‍ ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനലിന് മുന്നോടിയായി കൂട്ടിച്ചേര്‍ത്തു. 

T20 World Cup ‌‌| 'എന്നിലുള്ള പ്രതീക്ഷകള്‍ കൈവിടരുത്'; ക്യാച്ച് പാഴാക്കിയതില്‍ മാപ്പ് പറഞ്ഞ് ഹസന്‍ അലി

ഇന്നത്തെ കലാശപ്പോര് കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും. വാര്‍ണര്‍ നല്‍കുന്ന തുടക്കത്തിന് അനുസരിച്ചായിരിക്കും ഓസ്‌ട്രേലിയയുടെ ബാറ്റിംഗ്. ഈ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ 47.2 ശരാശരിയില്‍ 236 റണ്‍സാണ് ഡേവിഡ് വാര്‍ണറുടെ സമ്പാദ്യം. സെമിയില്‍ പാകിസ്ഥാനെതിരെ 49 റണ്‍സടിച്ചാണ് താരം വരുന്നത്. ദുബായില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ഫൈനല്‍ ആരംഭിക്കുക.

T20 World Cup | ഓസീസോ കിവീസോ, ആര് കിരീടമുയര്‍ത്തും; പ്രവചിച്ച് സൗരവ് ഗാംഗുലി