ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്‌ലന്‍ഡിന് രണ്ട് മത്സരങ്ങളില്‍ രണ്ട് ജയമായി. ഒമാനെതിരായ ഒരു മത്സരം കൂടി സ്കോട്‌ലന്‍ഡിന് ബാക്കിയുണ്ട്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാപ്പുവ ന്യൂ ഗിനിയയെ(Papua New Guinea) 17 റണ്‍സിന് തകര്‍ത്ത് സ്കോട്‌ലന്‍ഡ്(Scotland ) സൂപ്പര്‍ 12 (Super 12)യോഗ്യതക്ക് തൊട്ടടുത്തെത്തി. ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് റിച്ചി ബെറിംഗ്ടണിന്‍റെ(Richie Berrington) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 148ന് ഓള്‍ ഔട്ടായി. സ്കോര്‍ സ്കോട്‌ലന്‍ഡ് 20 ഓവറില്‍ 165-9, പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറില്‍ 148ന് ഓള്‍ ഔട്ട്.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്‌ലന്‍ഡിന് രണ്ട് മത്സരങ്ങളില്‍ രണ്ട് ജയമായി. ഒമാനെതിരായ ഒരു മത്സരം കൂടി സ്കോട്‌ലന്‍ഡിന് ബാക്കിയുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് തുടക്കത്തില്‍ 26-2ലേക്ക് തകര്‍ന്നെങ്കിലും മൂന്നാം വിക്കറ്റില്‍ മാത്യു ക്രോസും(45) ബെറിംഗ്ടണും ചേര്‍ന്ന് 92 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി സ്കോട്‌ലന്‍ഡിനെ കരകയറ്റി. ക്രോസ് പുറത്തായശേഷം മറ്റാര്‍ക്കും ബെറിംഗ്ടണിന് പിന്തുണ നല്‍കാനായില്ല. പാപ്പുവ ന്യൂ ഗിനിയക്കായി കാബുവ മൊറേയ നാലു വിക്കറ്റും ചാഡ് സോപ്പര്‍ മൂന്ന് വിക്കറ്റുമെടുത്തു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 32-5ലേക്ക് കൂപ്പുകുത്തി. പിന്നീട് നോര്‍മാന്‍ വാനുവയും(45)സെസെ ബാവുവും(24), കിപ്ലിന്‍ ഡോഗ്രിയയും(18). ചാഡ് സോപറും(16), ആസാദ് വാലയും(18) പൊരുതി നോക്കിയെങ്കിലും പരാജയഭാരം കുറക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. സ്കോട്‌ലന്‍ഡിനായി ജോഷ് ഡാവി നാലു വിക്കറ്റെടുത്തു.