വെള്ളിയാഴ്ച സ്കോട്‌ലന്‍ഡിനെതിരായ വമ്പന്‍ ജയത്തിനുശേഷം മാധ്യമങ്ങളെ കാണാനെത്തിയത് മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജയായിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്കോട്‌ലന്‍ഡിനെതിരെ(Scotland) വമ്പന്‍ ജയം നേടിയെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇപ്പോഴും മറ്റ് ടീമുകളുടെ കൈയിലാണ്. നാളെ നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ്(AFG vs NZ) മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിക്കുകയും തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പില അവസാന മത്സരത്തില്‍ ഇന്ത്യ, നമീബിയയെ(Namibia) മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് സെമിയിലെത്താന്‍ എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ആരാധകരുടെ എല്ലാ കണ്ണുകളും നാളെ നടക്കുന്ന അഫ്ഗാന്‍-ന്യൂസിലന്‍ഡ് മത്സരത്തിലായിരിക്കും.

നാളെ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ സ്വാഭാവികമായും തിങ്കളാഴ്ച നടക്കുന്ന ഇന്ത്യ-നമീബിയ പോരാട്ടം അപ്രസക്തമാകുകയും ചെയ്യും. വെള്ളിയാഴ്ച സ്കോട്‌ലന്‍ഡിനെതിരായ വമ്പന്‍ ജയത്തിനുശേഷം മാധ്യമങ്ങളെ കാണാനെത്തിയത് മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര ജഡേജയായിരുന്നു(Ravindra Jadeja). ജഡേജയോട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാന്‍ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ എന്തു ചെയ്യുമെന്ന ചോദ്യം ചോദിക്കുകയും ചെയ്തു.

അതിന് ജഡേജ നല്‍കിയ മറുപടിയാകട്ടെ രസകരമായിരുന്നു. അഫ്ഗാന്‍ തോറ്റാല്‍ എന്തു ചെയ്യും, പെട്ടിയും പായ്ക്ക് ചെയ്ത് വീട്ടില്‍ പോവും, അല്ലാതെന്ത് ചെയ്യാന്‍ എന്നായിരുന്നു ജഡേജയുടെ മറുപടി. സ്കോട്‌ലന്‍ഡിനെതിരെ വമ്പന്‍ ജയം നേടിയതോടെ നെറ്റ് റണ്‍ റേറ്റില്‍ അഫ്ഗാനിസ്ഥാനെ(+1.481) മറികടന്ന് ഇന്ത്യ(+1.619) പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

Scroll to load tweet…

നാളെ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനെതിരെ ഒരു റണ്ണിനാണ് ജയമെങ്കിലും പാക്കിസ്ഥാന് പിന്നാലെ ന്യൂസിലന്‍ഡ് ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. അഫ്ഗാന്‍ ചെറിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്ക് നമീബിയയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനാവും. മറിച്ച് വലിയ മാര്‍ജിനിലാണ് അഫ്ഗാന്‍ ജയിക്കുന്നതെങ്കില്‍ ഇന്ത്യക്ക് നമീബിയയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച് നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനെ മറികടക്കേണ്ടിവരും.

Scroll to load tweet…