Asianet News MalayalamAsianet News Malayalam

എന്നാലും ഇങ്ങനെയുണ്ടോ ഒരു അടി; കാണാം കോലിയുടെ കണ്ണുതള്ളിച്ച കെ എല്‍ രാഹുലിന്‍റെ സിക്സർ

കഴിഞ്ഞ മത്സരം ഓർമ്മിപ്പിച്ച് സാവധാനമാണ് കെ എല്‍ രാഹുല്‍ ബംഗ്ലാദേശിനെതിരെയും തുടങ്ങിയത്

T20 World Cup 2022 IND vs BAN Watch Virat Kohli wonderful reaction to KL Rahul six
Author
First Published Nov 2, 2022, 2:39 PM IST

അഡ്‍ലെയ്ഡ്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ ടീം ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും സമ്പൂർണ ബാറ്റിംഗ് പരാജയമായിരുന്നു ഓപ്പണർ കെ എല്‍ രാഹുല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഇന്നിംഗ്സിൽ 14 പന്തിൽ 9 റൺസെടുത്ത്  പുറത്തായപ്പോള്‍ നെതർലൻഡ്‌സിനെതിരെ 9 റൺസും പാകിസ്ഥാനെതിരെ 4 റൺസും മാത്രമാണ് നേടിയത്. പിന്നാലെ രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെ ആവശ്യമുയർന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തകർപ്പന്‍ അർധസെഞ്ചുറിയുമായി രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തി. നോണ്‍ട്രൈക്കിലുണ്ടായിരുന്ന വിരാട് കോലിയുടെ കണ്ണുതള്ളിച്ച ഷോട്ടുമുണ്ടായിരുന്നു രാഹുലിന്‍റെ ഇന്നിംഗ്സില്‍. 

കഴിഞ്ഞ മത്സരം ഓർമ്മിപ്പിച്ച് സാവധാനമാണ് കെ എല്‍ രാഹുല്‍ ബംഗ്ലാദേശിനെതിരെയും തുടങ്ങിയത്. എന്നാല്‍ പിന്നാലെ ആക്രമിച്ചുകളിച്ച താരം ഇന്ത്യന്‍ ഇന്നിംഗ്സിലെ 9-ാം ഓവറില്‍ ഷൊരീഫുള്‍ ഇസ്ലമിനെതിരെ രണ്ട് സിക്സറും ഒരു ഫോറുമായി താണ്ഡവമാടി. ഓവറിലെ നാലാം പന്ത് രാഹുല്‍ സിക്സാക്കി മാറ്റിയപ്പോള്‍ അംപയർ നോബോള്‍ വിളിച്ചു. വീണ്ടുമെറിഞ്ഞ പന്തില്‍ ഷൊരീഫുള്‍ വൈഡ് വഴങ്ങി. ഇതോടെ വീണ്ടും പന്ത് ആവർത്തിക്കേണ്ടിവന്നപ്പോള്‍ ഡീപ് പോയിന്‍റിന് മുകളിലൂടെ സിക്സർ പറത്തുകയായിരുന്നു രാഹുല്‍. അതും ഓഫ്സൈഡിന് പുറത്ത് വന്ന ഫുള്‍ ലെങ്ത് പന്തില്‍. ഇതുകണ്ട് കണ്ണുകള്ളുകയായിരുന്നു കോലി. കോലിയുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ ഉടനെ വൈറലായി. ഈ ഓവറില്‍ രാഹുല്‍-കോലി സഖ്യം 24 റണ്‍സ് അടിച്ചെടുത്തു. 

എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍റെ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇരട്ട റണ്‍സ് ഓടിയെടുത്ത കെ എല്‍ രാഹുല്‍ രണ്ടാം ബോളില്‍ പുറത്തായി. മുസ്താഫിസൂറിനായിരുന്നു ക്യാച്ച്. രാഹുല്‍ 32 പന്തില്‍ മൂന്ന് ഫോറും നാല് സിക്സറും സഹിതം 50 റണ്‍സ് നേടി. മറ്റൊരു ഓപ്പണർ രോഹിത് ശർമ്മയെ(8 പന്തില്‍ 2) ഇന്ത്യക്ക് ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ നഷ്ടമായിരുന്നു. 

കെ എല്‍ രാഹുല്‍ എയറില്‍ നിന്നിറങ്ങാന്‍ ഒരു സാധ്യതയും കാണുന്നില്ല; ആരാധകര്‍ കലിപ്പില്‍ തന്നെ

Follow Us:
Download App:
  • android
  • ios