Asianet News MalayalamAsianet News Malayalam

ട്വന്‍റി 20 ലോകകപ്പ്: കണക്കുകളില്‍ ടീം ഇന്ത്യക്ക് പ്രതീക്ഷ; പക്ഷേ ബട്‌ലറുടെ ഇംഗ്ലണ്ടിനെ പേടിക്കണം

കണക്കുകളില്‍ ഇംഗ്ലണ്ടിനെതിരെ വ്യക്തമായ മുന്‍തൂക്കം ടീം ഇന്ത്യക്കുണ്ട്. ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന നാലാമത്തെ കളിയാണ് ഇന്നത്തേത്. 

T20 World Cup 2022 IND vs ENG Semi Final India vs England Head to Head
Author
First Published Nov 10, 2022, 7:36 AM IST

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിക്ക് അഡ്‌ലെയ്‌ഡ് ഓവലും ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. ഇരു ടീമുകളും ഇന്നലെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒരു മണിക്ക് അഡ്‌ലെയ്‌ഡില്‍ ടോസ് വീഴും. കരുത്തരായ ഇരു ടീമുകളും തമ്മിലുള്ള മുന്‍ മത്സരങ്ങളിലെ കണക്കുകള്‍ പരിശോധിക്കാം. 

കണക്കുകളില്‍ ഇംഗ്ലണ്ടിനെതിരെ വ്യക്തമായ മുന്‍തൂക്കം ടീം ഇന്ത്യക്കുണ്ട്. ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന നാലാമത്തെ കളിയാണ് ഇന്നത്തേത്. രണ്ട് കളിയിൽ ഇന്ത്യയും ഒന്നിൽ ഇംഗ്ലണ്ടും ജയിച്ചു. 2012ലാണ് ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത്. കൊളംബോയിൽ നടന്ന കളിയിൽ ഇന്ത്യ 90 റൺസിന് ജയിച്ചു. ഇന്ത്യയുടെ 170 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് വെറും 80 റൺസിന് പുറത്താവുകയായിരുന്നു. ഇരു ടീമും അവസാനം ഏറ്റുമുട്ടിയ നാല് ടി 20 പരമ്പരയിലും ഇന്ത്യക്കായിരുന്നു ജയം. രണ്ട് പരമ്പര ഇന്ത്യയിലും രണ്ട് പരമ്പര ഇംഗ്ലണ്ടിലുമായിരുന്നു. 

എന്നാല്‍ ബാറ്റിംഗ്-ബൗളിംഗ് കരുത്ത് കൊണ്ട് സമ്പന്നമായ നിലവിലെ ഇംഗ്ലണ്ട് ടീമിനെ തോല്‍പിക്കുക ഇന്ത്യന്‍ ടീമിന് എളുപ്പമാവില്ല. ട്വന്‍റി 20യിൽ എന്തിനും ഏതിനും പോന്നവരാണ് ജോസ് ബട്‍ലറും സംഘവും. മാർക് വുഡും ഡേവിഡ് മലാനും പരിക്കിൽ നിന്ന് പൂർണമുക്തരായിട്ടില്ലെങ്കിലും ടീം ശക്തം. അലക്‌സ് ഹെയ്‌ല്‍സ്, ബെന്‍ സ്റ്റോക്‌സ്, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍ തുടങ്ങി എന്തിനും പോന്നവരുടെ നിരയുണ്ട് ഇംഗ്ലണ്ടിന്. പവ‍ർപ്ലേയിലെ പ്രകടനമായിരിക്കും കളിയുടെ ഗതി നിശ്ചയിക്കുക. അഡലെയ്‌ഡിൽ ബൗണ്ടറിയിലേക്കുള്ള ദൂരം കുറവായതിനാൽ കൂറ്റൻ ഷോട്ടുകൾ ഇരുനിരയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാം.

ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്‌ന ഫൈനല്‍ വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു. പേസര്‍ ഷഹീന്‍ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അര്‍ധ സെഞ്ചുറികളുമായി ക്യാപ്റ്റന്‍ ബാബര്‍ അസമും(42 പന്തില്‍ 53), മുഹമ്മദ് റിസ്‌വാനും(43 പന്തില്‍ 57), മുഹമ്മദ് ഹാരിസും(26 പന്തില്‍ 30) പാകിസ്ഥാന് ജയമൊരുക്കി. 

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം; ഇംഗ്ലണ്ടിനെതിരായ സെമി ഉച്ചയ്ക്ക്
 

Follow Us:
Download App:
  • android
  • ios