Asianet News MalayalamAsianet News Malayalam

നെതര്‍ലന്‍ഡ്‌സിന് എതിരായ ട്വന്‍റി 20 ലോകകപ്പ് മത്സരം; കോലിക്ക് വീണ്ടും ആറാടാം! ഇന്ത്യന്‍ ടീമിന് ശുഭവാര്‍ത്ത

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് സിഡ്‌നിയില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

T20 World Cup 2022 India vs Netherlands pitch report in Sydney Cricket Ground
Author
First Published Oct 26, 2022, 6:27 PM IST

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്‌സിനെ നേരിടാന്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെയാണ് സൂപ്പര്‍-12 ഘട്ടത്തില്‍ ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്ഥാനെ ആദ്യ മത്സരത്തില്‍ കീഴടക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മ്മയും സംഘവും. മത്സരത്തില്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം എന്നാണ് സിഡ്‌നി പിച്ചില്‍ നിന്നുള്ള സൂചന. 

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് സിഡ്‌നിയില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യ-നെതർലൻഡ്‌സ് മത്സരത്തില്‍ പിച്ച് കൂടുതല്‍ സ്ലോ ആവാനിടയുണ്ട്. ഇത് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന സൂചനയാണ്. നെതർലൻഡ്‌സിന്‍റെ ആദ്യ എട്ടിൽ ഒരു ഇടംകൈയ്യൻ മാത്രമുള്ളതിനാൽ ഇന്ത്യ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് അവസരം നല്‍കിയേക്കും. എന്നാല്‍ ബാറ്റിംഗ് പരിഗണിച്ച് ആര്‍ അശ്വിന്‍ തുടരാനാണ് സാധ്യത എന്ന സൂചനയാണ് ബൗളിംഗ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കുന്നത്. അശ്വിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിംഗിനെ കൂടുതല്‍ സന്തുലിതമാക്കും എന്നതൊരു വസ്‌തുതയാണ്. 

തുടരാന്‍ കോലിക്കാലം 

ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ ഇന്ത്യ നാല് വിക്കറ്റിന് തോല്‍പിച്ചിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ നേടി. 19-ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി കോലി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടി. കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സില്‍ കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെനിന്നു. മൂന്ന് വിക്കറ്റും 37 പന്തില്‍ 40 റണ്‍സുമെടുത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണായകമായി. അര്‍ഷ്‌ദീപ് സിംഗും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

മെല്‍ബണില്‍ പാകിസ്ഥാനെ പൊട്ടിച്ച് ആഘോഷം തുടങ്ങി; ഇനി ഇന്ത്യന്‍ ടീമിന്‍റെ ദീപാവലി പാര്‍ട്ടി സിഡ്‌നിയില്‍

Latest Videos
Follow Us:
Download App:
  • android
  • ios