Asianet News MalayalamAsianet News Malayalam

വീണ്ടും ഐസിസി ടൂര്‍ണമെന്‍റില്‍ കാലിടറി ദക്ഷിണാഫ്രിക്ക; നെതര്‍ലന്‍ഡ്‌സിനോട് തോറ്റു, ഇന്ത്യ സെമിയില്‍

16-ാം ഓവറിലെ രണ്ടാം പന്തില്‍ ഗ്ലോവറിന്‍റെ പന്തില്‍ വാന്‍ ഡര്‍ മെര്‍വ് തകര്‍പ്പന്‍ ക്യാച്ചില്‍ മില്ലറെ പുറത്താക്കിയതോടെ പ്രോട്ടീസ് വലഞ്ഞു

T20 World Cup 2022 NED vs SA Super 12 Netherlands beat South Africa as India Qualified to Semi Final
Author
First Published Nov 6, 2022, 8:52 AM IST

അഡ്‌ലെയ്‌ഡ്: വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്‍റില്‍ കൂടി ദക്ഷിണാഫ്രിക്ക പടിക്കല്‍ കലമുടച്ചു. ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സാണ് പ്രോട്ടീസിനെ 13 റണ്‍സിന് വീഴ്‌ത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. ടീം 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്തു. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട്‌ എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്. 

നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ സ്റ്റീഫന്‍ മിബറും മാക്‌സ് ഒഡൗഡും ഗംഭീര തുടക്കമാണ് നേടിയത്. ഇരുവരും 8.3 ഓവറില്‍ 58 റണ്‍സ് അടിച്ചുകൂട്ടി. മിബര്‍ 30 പന്തില്‍ 37 ഉം ഒഡൗഡ് 31 പന്തില്‍ 29 ഉം റണ്‍സ് നേടി. മൂന്നാമനായി എത്തിയ ടോം കൂപ്പറും മോശമാക്കിയില്ല. കൂപ്പര്‍ 19 പന്തില്‍ 35 പേരിലാക്കി. ബാസ് ഡി ലീഡ് ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായി. പ്രോട്ടീസിനായി കേശവ് മഹാരാജ് രണ്ടും ആന്‍‌റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 5.6 ഓവറില്‍ 36 റണ്‍സിന്‍റെ ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായി. 13 പന്തില്‍ 13 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ ഫ്രഡ് ക്ലാസന്‍ എഡ്‌വേഡ്‌സിന്‍റെ കൈകളിലെത്തിച്ചു. 20 പന്തില്‍ 20 എടുത്ത തെംബാ ബാവുമയെ പോള്‍ വാന്‍ മീകെരന്‍ ബൗള്‍ഡാക്കി. 19 പന്തില്‍ 25 റണ്‍സെടുത്ത റൈലി റൂസ്സയുടെ പോരാട്ടം ബ്രാണ്ടന്‍ ഗ്ലോവര്‍ അവസാനിപ്പിച്ചു. ഏയ്‌ഡന്‍ മാര്‍ക്രമിനും(13 പന്തില്‍ 17) തിളങ്ങാനായില്ല. ക്ലാസനായിരുന്നു ഈ വിക്കറ്റും. 

16-ാം ഓവറിലെ രണ്ടാം പന്തില്‍ ഗ്ലോവറിന്‍റെ പന്തില്‍ വാന്‍ ഡര്‍ മെര്‍വ് തകര്‍പ്പന്‍ ക്യാച്ചില്‍ മില്ലറെ(17 പന്തില്‍ 17) പുറത്താക്കിയതോടെ പ്രോട്ടീസ് വലഞ്ഞു. വെയ്‌ന്‍ പാര്‍നല്‍(2 പന്തില്‍ 0), ഹെന്‍‌റിച്ച് ക്ലാസന്‍(18 പന്തില്‍ 21) എന്നിവര്‍ മടങ്ങിയെങ്കിലും കേശവ് മഹാരാജും(12 പന്തില്‍ 13), കാഗിസോ റബാഡയും(9*) നടത്തിയ ശ്രമം ജയംകണ്ടില്ല. 

Follow Us:
Download App:
  • android
  • ios