ലോകകപ്പിന്‍റെ ആവേശം ഓസ്ട്രേലിയയിലെ കനത്ത മഴ ചോര്‍ത്തുകയാണ്. മഴമൂലം മത്സരം തടസപ്പെടുന്നതോ ഉപേക്ഷിക്കുന്നതോ പതിവായിരിക്കുന്നു. 

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. സെമിപ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. മൂന്ന് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് നിലവിൽ ന്യൂസിലൻഡ്. അയർലൻഡിനോട് ജയിച്ച ശ്രീലങ്ക അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റാണ് വരുന്നത്. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ലങ്ക. മത്സരത്തിന് മുമ്പ് പരിക്കിന്‍റെ ആശങ്ക ലങ്കയ്ക്കുണ്ട്. 

ലോകകപ്പിന്‍റെ ആവേശം ഓസ്ട്രേലിയയിലെ കനത്ത മഴ ചോര്‍ത്തുകയാണ്. മഴമൂലം മത്സരം തടസപ്പെടുന്നതോ ഉപേക്ഷിക്കുന്നതോ പതിവായിരിക്കുന്നു. എന്നാല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തിന് ആശ്വാസകരമായ കാലാവസ്ഥാ പ്രവചനമാണ് സിഡ്‌നിയില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തില്ല എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇരു മത്സരങ്ങളും മഴ കാരണം ടോസ് പോലുമിടാനാവാതെ ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരങ്ങളാണ് മഴ കവര്‍ന്നത്. മഴ മത്സരങ്ങളെ സാരമായി ബാധിക്കുന്നത് പോയിന്‍റ് പട്ടികയില്‍ ടീമുകള്‍ തിരിച്ചടി നേരിടുന്നതിന് കാരണമാവുകയാണ്.

സിഡ്‌നിയാണ് വേദി എന്നതിനാല്‍ ന്യൂസിലൻഡ്-ശ്രീലങ്ക മത്സരത്തില്‍ മികച്ച റണ്ണൊഴുകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്ട്രേലിയയിലെ മികച്ച ബാറ്റിംഗ് ട്രാക്കുകളിലൊന്നാണ് സിഡ്‌നി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് മത്സരഫലങ്ങള്‍ എന്നതിനാല്‍ സിഡ്‌നിയിലെ ടോസ് നിര്‍ണായമാകും. ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കും. ആദ്യ ഇന്നിംഗ്‌സില്‍ ശരാശരി 170-180 സ്കോറാണ് പ്രതീക്ഷിക്കുന്നത്. സിഡ്‌നിയില്‍ അവസാനം നടന്ന ഇന്ത്യ-നെതർലന്‍ഡ്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രോഹിത് ശര്‍മ്മയും സംഘവും 56 റണ്ണിന് വിജയിച്ചിരുന്നു. 

ന്യൂസിലന്‍ഡ്-ലങ്ക മത്സരം ഏറെ നിർണായകം; നാളെ സിഡ്നിയിലെ കളിയും മഴ റാഞ്ചുമോ?