Asianet News MalayalamAsianet News Malayalam

ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണി; ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ്മ

വാക്‌വാദം തുടരുന്നതിനിടെ വിവാദത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

T20 World Cup 2022 This is Rohit Sharma first reaction to Jay Shah vs PCB word war over Asia Cup 2023
Author
First Published Oct 22, 2022, 11:42 AM IST

മെല്‍ബണ്‍: ടീം ഇന്ത്യ ഏഷ്യാ കപ്പിനായി അടുത്ത വര്‍ഷം(2023) പാകിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകളും ഇതിന് മറുപടിയായി വരും വര്‍ഷത്തെ ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പിസിബിയുടെ ഭീഷണിയും അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു ഈ വിവാദം. വാക്‌വാദം തുടരുന്നതിനിടെ വിവാദത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 

'ഈ ലോകകപ്പില്‍ കേന്ദ്രീകരിക്കുന്നതിലാണ് എന്‍റെ ശ്രദ്ധ. കാരണം ലോകകപ്പ് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. പിന്നീട് നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ബിസിസിഐ അക്കാര്യത്തില്‍ തീരുമാനമെടുക്കും. നാളത്തെ മത്സരത്തിനായാണ്(ഇന്ത്യ-പാക്) ഞങ്ങളുടെ ശ്രദ്ധ മുഴുവനും' എന്നും ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ്മ പറഞ്ഞു. 

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയില്‍ നടക്കുമെന്നുമായിരുന്നു ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷായുടെ വാക്കുകള്‍. എന്നാല്‍ ജയ് ഷായുടെ വാക്കുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ തകര്‍ക്കുന്നതാണെന്നും ഇന്ത്യ ഏഷ്യാ കപ്പിനെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ല എന്നുമായിരുന്നു പിസിബിയുടെ മറുപടി. ഇതിന് പുറമെ മുന്‍താരങ്ങളായ ഷാഹിദ് അഫ്രീദിയും സയ്യീദ് അന്‍വറും ഷായ്ക്കെതിരെ രംഗത്തുവന്നു. 

ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും ഇന്ത്യന്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയതും ശ്രദ്ധേയമായി. 'ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കണോ എന്നത് ബിസിസിഐ ആണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പോയി കളിക്കണോയെന്ന കാര്യത്തില്‍ സുരക്ഷ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. അതില്‍ ക്രിക്കറ്റ് മാത്രമല്ല പരിഗണനാ വിഷയം. മറ്റുള്ളവരുടെ ഉപദേശം ഞങ്ങള്‍ക്ക് ആവശ്യമില്ല' എന്നും പാകിസ്ഥാനെ ചൂണ്ടി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 

ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിസിസിഐ അല്ലെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശമാണ് പ്രധാനമെന്നും പുതിയ ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുമോ?; പ്രതികരിച്ച് റോജര്‍ ബിന്നി

Follow Us:
Download App:
  • android
  • ios