സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മികച്ച ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.

സെന്‍റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം. തോല്‍വി ഓസീസിന്‍റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഇന്ത്യൻ സമയം രാത്രി എട്ടിന് സെന്‍റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴ കളിമുടക്കിയാല്‍ ഇന്ത്യ സെമിയിലെത്തും.

സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മികച്ച ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കരുത്തരായ ഓസീസിനെ തോല്‍പിച്ച് സെമിയുറപ്പിക്കുന്നത് ടീമിന്‍റെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്നുറപ്പ്. അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെയിറങ്ങുന്നത്. തോല്‍വി കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിപ്പിക്കുമെന്നതിനാല്‍ ടീം ഇന്ത്യ കരുതിയിരുന്നേ തീരു.

ടി20 ലോകകപ്പ് സെമി ഉറപ്പിച്ചത് ആരൊക്കെ, ഇന്ത്യക്ക് 97 % സാധ്യത, ഓസട്രേലിയക്ക് 57%; അഫ്ഗാനും പ്രതീക്ഷ

ടൂര്‍ണമെന്‍റിലാകെ ശരാശരി പ്രകടനം നടത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാരാണ് ഇന്ത്യയ്ക്കായി തിളങ്ങുന്നത്. ബംഗ്ലദേശിനെതിരെ ടീം സ്കോര്‍ ഇരുന്നൂറിനടുത്തെത്തിയത് ടീമിന് പ്രതീക്ഷയാണ്. ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അതിവേഗ ഇന്നിങ്സുകളുമായി തിളങ്ങുന്നുണ്ടെങ്കിലും കുറച്ചുകൂടി ക്രീസിലുണ്ടെങ്കിലെന്ന് ആഗ്രഹിക്കുകയാണ് ആരാധകര്‍. റണ്‍സ് കണ്ടെത്തി തുടങ്ങിയ പണ്ഡ്യയും ശിവം ദുബെയും ടീമിന് പ്രതീക്ഷയാണ്.

രണ്ട് ഹാട്രിക്കുകളുമായി ഫോമിലുള്ള കമിന്‍സിനെയും ഹേസല്‍വുഡിനെയും നേരിടാന്‍ കരുതിയിരിക്കണം ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ആദം സാംപയും ഓസീസിന്‍റെ പ്രതീക്ഷയാണ്. ബാറ്റിങ്ങില്‍ മാക്സ്‍വെല്‍ ഫോമിലായതാണ് ഓസ്ട്രേലിയയുടെ വലിയ പ്രതീക്ഷ. ഐപിഎല്ലില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡിന് ലോകകപ്പില്‍ പക്ഷേ മികച്ച പ്രകടനം തുടരാനായിട്ടില്ല.

അഫ്ഗാനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഓസീസ് നായകന്‍ മിച്ചൽ മാർഷ്

പക്ഷേ ഇന്ത്യയ്ക്കെതിരെ ഹെഡിന്‍റെ റെക്കോര്‍ഡ് ടീമിന് പ്രതീക്ഷയാണ്. നിര്‍ണായക വിക്കറ്റുകളെടുക്കുന്ന, ബൗണ്ടറികള്‍ നല്‍കാത്ത ബുമ്രയുടെ നാലോവറിലാണ് ഇന്ത്യയുടെ ബൗളിങ് പ്രതീക്ഷ. കറക്കി വീഴ്ത്താന്‍ കുല്‍ദീപും അക്സറും ജഡേജയും തയാര്‍. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വമ്പന്‍മാരുടെ പോരാട്ടമാണെന്നതിനാല്‍ ടി20 ലോകകപ്പ് ഇന്ന് ഹൈവോള്‍ട്ടേജിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക