ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റി സഞ്ജു സാംസണെ കളിപ്പിക്കണം എന്ന ആവശ്യം ശക്തം, മറ്റൊരു താരത്തിന്‍റെ പേരും പരിഗണനയില്‍ 

ന്യൂയോര്‍ക്ക്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ന്യൂയോർക്കിൽ രാത്രി എട്ടിന് തുടങ്ങുന്ന കളിയിൽ ആതിഥേയരായ അമേരിക്കയാണ് എതിരാളികൾ. അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജുവിനൊപ്പം മറ്റൊരു ബാറ്ററുടെ പേരും പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. 

നസൗ കൗണ്ടി സ്റ്റേഡിയത്തിലെ ഗാലറികളിലേക്ക് എത്തുമ്പോൾ അമേരിക്കയിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഇന്നത്തെ മത്സരഫലത്തെക്കുറിച്ച് വലിയ ആശങ്കയൊന്നും ഉണ്ടാവില്ല. പക്ഷേ ഇന്ത്യയും അമേരിക്കയും നേർക്കുനേർ വരുമ്പോൾ ഏത് ടീമിനെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ ആശങ്കയുറപ്പ്. കാരണം അമേരിക്കയ്ക്കായി ടീമിൽ നായകൻ മൊനാങ്ക് പട്ടേൽ ഉൾപ്പടെ ഒൻപത് ഇന്ത്യക്കാരാണ് കളിക്കുന്നത്. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യയും അമേരിക്കയും നാല് പോയിന്റുമായി സൂപ്പർ എട്ടിനരികെ നില്‍ക്കുന്നു. കളി മികവിൽ ഇരുടീമും താരതമ്യം അ‍ർഹിക്കുന്നില്ല. രോഹിത് ശര്‍മ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും ഉൾപ്പെട്ട ഇന്ത്യന്‍ ടീമിന് ഇക്കാര്യത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. 

എന്നാല്‍ റൺ കണ്ടെത്താൻ പ്രയാസമുള്ള ന്യൂയോർക്കിലെ ഡ്രോപ് ഇൻ പിച്ചുകൾ ടീമുകളുടെ അന്തരം കുറയ്ക്കുന്നു. അമേരിക്ക ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിൽ പാകിസ്ഥാനെ വീഴ്ത്തിയതും പാകിസ്ഥാനെതിരെ 28 റൺസിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമായതും പിച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വ്യക്തമാക്കുന്നു. ടീം ഇന്ത്യക്കായി ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തിയ ശിവം ദുബെ ഇലവനിൽ തുടരുമോയെന്നതാണ് പ്രധാന ചോദ്യം. ദുബെയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പകരക്കാരനായി യശസ്വീ ജയ്സ്വാളിനെയും ഇന്ത്യന്‍ മാനേജ്‌മെന്‍റ് പരിഗണിച്ചേക്കാം. 

Read more: ശ്രീലങ്ക-നേപ്പാള്‍ മത്സരം ഉപേക്ഷിച്ചു; സൂപ്പര്‍ 8ലെത്തുക ലങ്കയ്ക്ക് അതികഠിനം, ഗ്രൂപ്പ് ഡിയിലെ സാധ്യതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം