മത്സരം ഉപേക്ഷിച്ചത് ശ്രീലങ്കയ്ക്കും നേപ്പാളിനും ഒരുപോലെ തിരിച്ചടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ലെത്തി
ഫ്ലോറിഡ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ ശ്രീലങ്ക-നേപ്പാള്‍ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് പാർക്ക് & ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയത്തില്‍ കനത്ത മഴയാണ് മത്സരത്തിന് വിലങ്ങുതടിയായത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റുകള്‍ വീതംവച്ചു. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനുള്ള അവസാന ശ്രമവും വിഫലമായതോടെയാണ് കളി ഉപേക്ഷിച്ചത്. ഇതോടെ ഡി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ലെത്തി.
മത്സരം ഉപേക്ഷിച്ചത് ശ്രീലങ്കയ്ക്കും നേപ്പാളിനും ഒരുപോലെ തിരിച്ചടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ലെത്തി. ഇത്തവണ ലോകകപ്പില്‍ സൂപ്പര്‍ 8ലെത്തുന്ന ആദ്യ ടീമാണ് ദക്ഷിണാഫ്രിക്ക. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച പ്രോട്ടീസ് ആറ് പോയിന്‍റുമായി ഗ്രൂപ്പ് ഡിയില്‍ തലപ്പത്താണ്. രണ്ട് കളികളില്‍ രണ്ട് വീതം പോയിന്‍റുകളുള്ള ബംഗ്ലാദേശ് രണ്ടും നെതര്‍ലന്‍ഡ്‌സ് മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അതേസമയം നാലാമതുള്ള നേപ്പാളിനും അഞ്ചാമതുള്ള ശ്രീലങ്കയ്ക്കും ഇന്ന് മത്സരം ഉപേക്ഷിച്ചതോടെ ലഭിച്ച ഒരു പോയിന്‍റ് മാത്രമേയുള്ളൂ. ലോകകപ്പില്‍ നിന്ന് പുറത്താകുന്നതിന്‍റെ വക്കില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീലങ്ക.
ലങ്കയ്ക്ക് മുന്നിലുള്ള വഴി
ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്കയുടെ സൂപ്പര്‍ 8 സാധ്യതകള്‍ വിദൂരമാണ്. സൂപ്പര്‍ 8 സാധ്യത നിലനിര്‍ത്തണമെങ്കില്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ അവസാന ഗ്രൂപ്പ് മത്സരം ലങ്കയ്ക്ക് ജയിച്ചേ പറ്റൂ. അതേസമയം മറ്റ് മത്സര ഫലങ്ങള്‍ അനുകൂലമാവുകയും വേണം. മറ്റൊരു ഏഷ്യന്‍ ടീമായ ബംഗ്ലാദേശ് എതിരാളികളായ നേപ്പാള്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളോട് തോല്‍ക്കുകയും ലങ്കയ്ക്ക് നെതര്‍ലന്‍ഡ്‌സിന് എതിരായ ജയത്തിന് പുറമെ വേണം. ബംഗ്ലാദേശിന്‍റെ ഇരട്ട തോല്‍വിക്ക് വിദൂര സാധ്യത മാത്രമേയുള്ളൂ എന്നതിനാല്‍ ലങ്കയുടെ സൂപ്പര്‍ 8 സാധ്യതകള്‍ ഏതാണ്ട് അടഞ്ഞു എന്നുറപ്പിക്കാം. ഇതേസമയം സൂപ്പര്‍ 8ലെത്താന്‍ നേപ്പാളിന് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോല്‍പിക്കുകയും നെതര്‍ലന്‍ഡ്സ് അടുത്ത രണ്ട് കളികളിലും തോല്‍ക്കുകയും വേണം.
Read more: ആറോവറിനിടെ കൂള്‍ ഫിനിഷിംഗ്; നമീബിയയെ തീര്‍ത്ത് ഓസ്ട്രേലിയ ട്വന്‍റി 20 ലോകകപ്പ് സൂപ്പര്‍ 8ല്‍
