ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ 'ചേട്ടാ' എന്ന് വിളിച്ച് ആദരിച്ച് ഗൂഗിൾ ഇന്ത്യ. 89 റൺസ് നേടിയ സഞ്ജുവിൻ്റെ ഇന്നിംഗ്‌സ് ടീം ഇന്ത്യയെ ഫൈനലിലെത്തിക്കുകയും താരത്തിന് തുടർച്ചയായ രണ്ടാം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. 

മുംബൈ: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ അറിയപ്പെടുന്നത് 'ചേട്ടാ' എന്ന അപരനാമത്തിലാണ്. മലയാളികള്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള ആരാധകര്‍ സഞ്ജുവിനെ ചേട്ടാ വിളികളോടെയാണ് സ്വീകരിക്കുന്നത്. ആരാധകർക്കിടയിൽ ചേട്ടാ എന്നറിയപ്പെടുന്ന സഞ്ജുവിനെ ഗൂഗിൾ ഇന്ത്യയും അതേ പേരിൽ അഭിസംബോധന ചെയ്‌തുള്ള എക്‌സ് പോസ്റ്റ് വൈറലായി. ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ സഞ്ജു സാംസണ്‍ ഫിഫ്റ്റി നേടിയതിന് പിന്നാലെയായിരുന്നു ഗൂഗിള്‍ ഇന്ത്യയുടെ എക്‌സ് പോസ്റ്റ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു സഞ്ജുവിന്‍റെ ഈ ത്രില്ലര്‍ ബാറ്റിംഗ് പ്രകടനം.

സഞ്ജുവിനെ ആദരിച്ച് ഗൂഗിള്‍ ഇന്ത്യയും

'സഞ്ജു ചേട്ടാ' എന്നുള്ള മലയാളം വാക്കുകളെ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് മൊഴിമാറ്റം വരുത്തിയതിന്‍റെ സ്‌ക്രീന്‍ഷോട്ടാണ് ഗൂഗിള്‍ ഇന്ത്യ എക്‌സില്‍ പങ്കുവെച്ചത്. സഞ്ജു ചേട്ടാ എന്ന പ്രയോഗത്തിന്‍റെ അര്‍ഥം ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററില്‍ തിരഞ്ഞപ്പോള്‍ ‘Sanju brother’ എന്ന ഉത്തരമാണ് ലഭിച്ചതെന്ന് ഗൂഗിള്‍ ഇന്ത്യ പങ്കുവെച്ച സ്‌ക്രീനില്‍ഷോട്ടില്‍ പറയുന്നു. 'അടിപൊളി ചേട്ടാ! സൂപ്പര്‍ബ് ഫിഫ്റ്റി' എന്നും ഗൂഗിള്‍ ഇന്ത്യയുടെ എക്‌സ് പോസ്റ്റിലുണ്ട്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ സഞ്ജു ഫിഫ്റ്റി തികച്ചതിന് പിന്നാലെയായിരുന്നു താരത്തെ പ്രശംസിച്ച് ഗൂഗിള്‍ ഇന്ത്യയുടെ എക്‌സ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Scroll to load tweet…

സഞ്ജു സൂപ്പര്‍ സാംസണ്‍

മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌ത സഞ്ജു സാംസണ്‍ 42 പന്തുകളില്‍ 89 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും അതിര്‍ത്തി കടന്നു. 26 പന്തുകളില്‍ ഫിഫ്റ്റി തികച്ച സ‌ഞ്ജു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 14-ാം ഓവറിലെ ഒന്നാം പന്തില്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനെ സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. സാവധാനം കളിച്ചിരുന്നെങ്കില്‍ അനായാസം സെഞ്ചുറിയടിക്കാന്‍ അവസരമുണ്ടായിട്ടും ടീം സ്കോര്‍ മാത്രം ലക്ഷ്യമിട്ട് സഞ്ജു കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായതും ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി.

തുടര്‍ച്ചയായ രണ്ടാം പ്ലെയര്‍ ഓഫ് ദി മാച്ച്

ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 253 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തി. ഇഷാന്‍ കിഷന്‍ (18 പന്തില്‍ 39), ശിവം ദുബെ (25 പന്തില്‍ 43), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27), തിലക് വര്‍മ്മ (7 പന്തില്‍ 21) എന്നിവരുടെ വെടിക്കെട്ടും ഇന്ത്യന്‍ ടീമിന് ഗുണമായി. എന്നാല്‍ ജേക്കബ് ബേത്തല്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയിട്ടും (48 പന്തില്‍ 105) ഇംഗ്ലണ്ട് 246-7 എന്ന സ്കോറില്‍ ഒതുങ്ങിയതോടെ ഏഴ് റണ്‍സിന്‍റെ ജയവുമായി ടീം ഇന്ത്യ ഫൈനലിലെത്തി. മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുമായി സഞ്ജു സാംസണ്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ എട്ടിലെ കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെതിരെ 50 പന്തുകളില്‍ പുറത്താവാതെ 97* റണ്‍സുമായും സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming