ലണ്ടന്‍: ഇംഗ്ലണ്ടിന് ആദ്യമായി ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടി20 ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് ടീം മാനേജിംഗ് ഡയറക്‌ടര്‍ ആഷ്‌ലി ഗില്‍സ്. ലോകകപ്പിന് ഒരു വര്‍ഷം ബാക്കിനില്‍ക്കേയാണ് ഇംഗ്ലണ്ട് നായകനെ പ്രഖ്യാപിച്ചത്. ആഷസില്‍ വിമര്‍ശനങ്ങള്‍ നേരിട്ട ജോ റൂട്ട് തുടര്‍ന്നും ടെസ്റ്റ് ടീമിനെ നയിക്കുമെന്നും അദേഹം വ്യക്തമാക്കി. 

ടി20യില്‍ ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച നായകനാണ് മോര്‍ഗന്‍. മോര്‍ഗന് കീഴില്‍ 38 മത്സരങ്ങളില്‍ ഇറങ്ങിയ ടീമിന് 21ലും വിജയിക്കാനായി. 16 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരെണ്ണം സമനിലയിലായി. 81 ടി20 മത്സരങ്ങളില്‍ നിന്ന് 10 അര്‍ധ സെഞ്ചുറികളടക്കം 1810 റണ്‍സും മോര്‍ഗനുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ 2010ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പുയര്‍ത്തുമ്പോള്‍ മോര്‍ഗന്‍ ടീമിലുണ്ടായിരുന്നു. 

ജോ റൂട്ട് ടെസ്റ്റ് നായകനായി തുടരുമോ എന്ന ചോദ്യത്തിന് ഗില്‍സിന്‍റെ മറുപടിയിങ്ങനെ. 'റൂട്ടിന്‍റെ ടെസ്റ്റ് നായക ഭാവിയെ കുറിച്ച് ഒരു ചോദ്യവും താന്‍ ഉന്നയിക്കുന്നില്ല. റെഡ് ബോളിലും വൈറ്റ് ബോളിലും റൂട്ടിന്‍റെ ബാലന്‍സ് നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ പ്രധാനം. പുതിയ പരിശീലകന്‍ എത്തുമ്പോള്‍ റൂട്ടുമായി ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഓസ്‌ട്രേലിയില്‍ ആഷസ് ജയിക്കുന്നതിനായി പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടതുണ്ടെന്നും' അദേഹം പറഞ്ഞു.