വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനുമാകും കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഭീഷിണിയാകുക. പാക്കിസ്ഥാനെ എഴുതിത്തള്ളാനാവില്ല. അതുപോലെ ന്യൂസിലന്‍ഡിനും നിലവാരമുള്ള കളിക്കാരുണ്ട്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ(Team India) എങ്ങനെ ഫേവറൈറ്റുകളായെന്ന് അറിയില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍(Michael Vaughan). കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടേത് അത്ര മികച്ച പ്രകടനമായിരുന്നില്ലെന്നും ഇംഗ്ലണ്ടാണ് (England)ടൂര്‍ണമെന്‍റിലെ യഥാര്‍ത്ഥ ഫേവറ്റൈറ്റുകളെന്നും വോണ്‍ വ്യക്തമാക്കി.

എന്നെ സംബന്ധിച്ചിടത്തോളം ടി20 ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഇംഗ്ലണ്ടിനാണ്. പിന്നെ എങ്ങനെയാണ് ഇന്ത്യ ഫേവറ്റൈറ്റുകളായതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചാതായിരുന്നില്ലെന്നും ബിബിസി ടെസ്റ്റ് മാച്ച് സ്പെഷല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് വോണ്‍ പറ‍ഞ്ഞു.

വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനുമാകും കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഭീഷിണിയാകുക. പാക്കിസ്ഥാനെ എഴുതിത്തള്ളാനാവില്ല. അതുപോലെ ന്യൂസിലന്‍ഡിനും നിലവാരമുള്ള കളിക്കാരുണ്ട്. തന്ത്രങ്ങളിലൂടെയാണ് അവര്‍ മത്സരങ്ങള്‍ ജയിക്കാറുള്ളത്. ഓസ്ട്രേലിയക്ക് ടൂര്‍ണമെന്‍റില്‍ വലിയ സാധ്യതകള്‍ ഞാന്‍ കാണുന്നില്ല. കാരണം ടി20 ക്രിക്കറ്റില്‍ അവരെപ്പോഴും പതറിയിട്ടുണ്ട്.

അല്ലെങ്കില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ അസാമാന്യ ഫോമിലേക്ക് ഉയരണം. മാക്സ്‌വെല്‍ തകര്‍പ്പന്‍ ഫോമിലായാല്‍ മാത്രമെ അവര്‍ക്ക് എന്തെങ്കിലും സാധ്യതകളുള്ളു. എന്നാലും ഓസ്ട്രേലിയക്ക് കാര്യമായി ഒന്നും ചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. യുഎഇയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലന്‍ഡ്, ഒരുപരിധിവരെ പാക്കിസ്ഥാന്‍ ടീമുകള്‍ക്കാണ് സാധ്യത.

യുഎഇയിലെ പിച്ചുകള്‍ മത്സരഫലത്തില്‍ നിര്‍ണായകമാകും. ഐപിഎല്ലില്‍ വലിയ സ്കോര്‍ പിറന്ന മത്സരങ്ങള്‍ കുറവായിരുന്നു. 150-160 റണ്‍സൊക്കെ പ്രതിരോധിക്കാന്‍ ടീമുകള്‍ക്കാവുമെന്നും വോണ്‍ പറഞ്ഞു. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്നലെ ഇംഗ്ലണ്ടിനെ ഇന്ത്യ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.