ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാല്‍ പോലും മറ്റു ടീമുകളുടെ മത്സരഫലം പരിശോധിച്ച് മാത്രമെ ഇന്ത്യയുടെ മുന്നോട്ടുള്ള സുഗമമാവൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരെയാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്. 

ദുബായ്: ന്യൂസിലന്‍ഡിനോട് (New Zealand) പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാല്‍ പോലും മറ്റു ടീമുകളുടെ മത്സരഫലം പരിശോധിച്ച് മാത്രമെ ഇന്ത്യയുടെ മുന്നോട്ടുള്ള സുഗമമാവൂ. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരെയാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്.

അതേസമയം, ഇന്ത്യയെ തോല്‍വിയിലേക്ക് നയിക്കുന്നതില്‍ പ്ലയിംഗ് ഇലവനില്‍ നടത്തിയ മാറ്റത്തിന് വലിയ പങ്കുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. ഇതോടെ രോഹിത് ശര്‍മയ്ക്ക് മൂന്നാമനായി കളിക്കേണ്ടി വന്നു. കിഷനൊപ്പം കെ എല്‍ രാഹുലാണ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കും മദന്‍ ലാലും. 

ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതിലെ യുക്തിയെന്താണെന്നാണ് ഇരുവരും ചോദിക്കുന്നത്. തീരുമാനം ഫലപ്രദമായില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ''അടിക്കുക അല്ലെങ്കില്‍ പുറത്താവുക എന്ന ശൈലിയില്‍ കളിക്കുന്ന താരമാണ് കിഷന്‍. നാലാമനോ അഞ്ചാമനോ ആയിട്ട് അവനെ കളിപ്പിക്കുന്നതായിരുന്നു നല്ലത്. അങ്ങനെയെങ്കില്‍ സാഹചര്യത്തിനൊത്ത് കളിക്കാന്‍ സാധിക്കുമായിരുന്നു. നിര്‍ണായക മത്സരത്തില്‍ താരത്തെ ഓപ്പണിംഗ് ചുമതല നല്‍കിയത് ശരിയായില്ല. മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനായ രോഹിത്തിനെ മൂന്നാമതിറക്കി. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള കോലിയാവട്ടെ നാലാമനായും കളിച്ചു. ഇതിലെ യുക്തി എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല.'' ഗവാസ്‌കര്‍ പറഞ്ഞു. 

രോഹിത്തിനെ മൂന്നാമതിറക്കിയ തീരുമാനം പരാജയമായിരുന്നുവെന്ന് മദന്‍ലാല്‍ വ്യക്തമാക്കി. ''ദീര്‍ഘകാലമായി ഓപ്പണ്‍ ചെയ്യുന്ന താരമാണ് രോഹിത്. അദ്ദേഹത്തെ താഴോട്ട് ഇറക്കിയത് ബാറ്റിംഗ് ഓര്‍ഡറിനെ ബാധിച്ചു.'' മദന്‍ലാല്‍ വ്യക്തമാക്കി.