ഇതിനിടെ ചില ആരാധകര്‍ രോഹിത്...രോഹിത്...എന്ന് ഉറക്കെ വിളിച്ചപ്പോള്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് ഷഹീന്‍ അവര്‍ക്ക് മുന്നില്‍ അനുകരിച്ച് കാട്ടി.

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ന് ഓസ്ട്രേലിയക്കെതിരെ സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന്‍റെ(Aus vs PAK) വജ്രായുധമാണ് ഷഹീന്‍ അഫ്രീദിയെന്ന(Shaheen Afridi) ഇടം കൈയന്‍ പേസര്‍. വേഗം കൊണ്ടും സ്വിംഗ് കൊണ്ടും എതിരാളികളെ വിറപ്പിക്കുന്ന അഫ്രീദിയാണ് ഇന്ത്യക്കെതിരായ(India) അഭിമാന പോരാട്ടത്തില്‍ പാക്കിസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) പുറത്താക്കിയ അഫ്രീദി ഇന്നിംഗ്സിനൊടുവില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ താങ്ങി നിര്‍ത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയെയും(Virat Kohli) പുറത്താക്കി 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു. മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അഫ്രീദിയോട് ഗ്യാലറിയിലിരുന്ന ആരാധകര്‍ തമാശ പങ്കിടുന്നതും കാണാമായിരുന്നു.

ഇതിനിടെ ചില ആരാധകര്‍ രോഹിത്...രോഹിത്...എന്ന് ഉറക്കെ വിളിച്ചപ്പോള്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത് ഷഹീന്‍ അവര്‍ക്ക് മുന്നില്‍ അനുകരിച്ച് കാട്ടി. കുറച്ചു കഴിഞ്ഞ് ഗ്യാലറിയിലിരുന്ന ആരാധകര്‍ രാഹുല്‍...എന്ന് ഉറക്കെ വിളിച്ചപ്പോള്‍ രാഹുല്‍ പുറത്താകുന്നതും അനുകരിച്ചു. ഇന്നിംഗ്സിനൊടുവില്‍ കോലി പുറത്തായപ്പോള്‍ കോലിയുടെ പുറത്താകല്‍ അനുകരിക്കാന്‍ പറഞ്ഞ ആരാധകരെ നിരാശരാക്കാതെ അതും അഫ്രീദി അനുകരിച്ചു.

Scroll to load tweet…

എന്നാല്‍ വീഡിയോക്ക് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്കിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ആരാധകരുമായി അഫ്രീദി സംവദിച്ചതിനെ അഭിനന്ദിച്ചപ്പോള്‍ എതിരാളികളെ കളിയാക്കിയ രീതിയെ മറ്റു ചിലര്‍ വിമര്‍ശിച്ചു. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാനെതിരെ തോല്‍വി അറിഞ്ഞിട്ടില്ലാതിരുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ പാക്കിസഥാനോട് 10 വിക്കറ്റിനാണ് തോറ്റത്.