നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിനും നാളെ ബാറ്റിംഗില്‍ വിശ്രമം കൊടുക്കാന്‍ സാധ്യതയുണ്ട്.

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ ബ്രിസ്ബേനില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ആവേശജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ അവിശ്വസനീയ ബൗളിംഗിന്‍റെയും വിരാട് കോലിയുടെ അസാമാന്യ ഫീല്‍ഡിംഗിന്‍റെയും മികവിലാണ് ഇന്ത്യ ജയിച്ചു കയറിയത്. 23ന് പാക്കിസ്ഥാനെതിരെ നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പുള്ള ഇന്ത്യയുടെ അവസാന സന്നാഹമ മത്സരമാണ് നാളത്തേത്.

നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിനും നാളെ ബാറ്റിംഗില്‍ വിശ്രമം കൊടുക്കാന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ കളിച്ചില്ലെങ്കില്‍ പകരം റിഷഭ് പന്തോ ദീപക് ഹൂഡയോ ബാറ്റിംഗ് നിരയില്‍ നാലാം സ്ഥാനത്തിറങ്ങും. സൂര്യകുമാര്‍ കളിച്ചാല്‍ കെ എല്‍ രാഹുലോ വിരാട് കോലിയോ രോഹിത് ശര്‍മയോ വിശ്രമെടുക്കാനുള്ള സാധ്യതയുമുണ്ട്.

ടി20 ലോകകപ്പ്: ഫൈനലിസ്റ്റുകള പ്രവചിച്ച് ഗവാസ്കറും ടോം മൂഡിയും

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. 22ന് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ കിവീസിനും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ കിവീസിന് 100 പോലും കടക്കാനായില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യസണിന്‍റെ മോശം ഫോമാണ് കിവീസിന്‍റെ ഏറ്റവും വലിയ തലവേദന. ദക്ഷിണാഫ്രിക്കക്കെതിരെ കളിത്താതിരുന്ന ഡെവോണ്‍ കോണ്‍വെയും ജിമ്മി നീഷാമും നാളെ ഇന്ത്യക്കെതിരെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയേക്കും. കഴിഞ്ഞ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാന് പിന്നാലെ കിവീസിനോടും തോറ്റതാണ് ഇന്ത്യയുടെ സെമി സാധ്യത അടച്ചത്.

മുഷ്താഖ് അലി: സഞ്ജു വീണ്ടും നിരാശപ്പെടുത്തി, റുതുരാജിന് സെഞ്ചുറി; കേരളത്തെ തകര്‍ത്ത് മഹാരാഷ്ട്ര

മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

ഓസ്ട്രേലിയക്കെതിരായ മത്സരത്തിലേതുപോലെ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് ന്യൂസിലന്‍ഡിനെതിരായ മത്സരവും തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്നി+ഹോട്സ്റ്റാറിലും മത്സരം തത്സയം കാണാനാകും.