മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ഹീറോ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. മിതാലിയുടെ ആത്മകഥ പ്രമേയമാക്കി നിര്‍മിക്കുന്ന ബോളിവുഡ് ചിത്രത്തിന് സബാഷ് മിത്തുവെന്നാണ് പേരിട്ടിരിക്കുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലിയായെത്തുക. ഇന്ന് ട്വിറ്ററില്‍ തപ്‌സിയുടെ ഔദ്യോഗിക പേജിലൂടെയാണ് പ്രഖ്യാപനം നടന്നത്.

മിതാലിയുടെ പിറന്നാള്‍ ദിവസമായ ഇന്ന് അവരെ നേരിട്ട് സന്ദര്‍ശിച്ച ശേഷം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് പ്രഖ്യാപനം നടത്തിയത്. തപ്‌സി പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''ഹാപ്പി ബെര്‍ത്ത്ഡേ ക്യാപ്റ്റന്‍. എന്തു സമ്മാനമാണ് നിങ്ങള്‍ക്കു നല്‍കേണ്ടതെന്നു അറിയില്ല. എന്നാല്‍ തിരശീലയില്‍ ഏറ്റവും മികച്ചത് തന്നെ നല്‍കുമെന്നും അതു നിങ്ങള്‍ക്കു സ്വയം അഭിമാനിക്കാന്‍ വക നല്‍കുന്നതായിരിക്കുമെന്ന് ഉറപ്പു നല്‍കുന്നു.''

മിതാലിക്കൊപ്പം പിറന്നാല്‍ ആഘോഷിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. വെള്ളിത്തിരയില്‍ മിതാലിയായി ജീവിക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും ഇത്രയും വലിയൊരു താരത്തിന്റെ റോള്‍ ചെയ്യുന്നതിന്റെ സമ്മര്‍ദ്ദം തനിക്കുണ്ടെന്നും തപ്സി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.