കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ കാണാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് 6000 രൂപ ക്യാഷ് പ്രൈസ് നേടാൻ അവസരം. ഗാലറിയിൽ സിക്സർ ക്യാച്ച് ചെയ്യുന്നവർക്കാണ് ഈ സമ്മാനം. ഇതുകൂടാതെ, ഫാൻ വില്ലേജ് ഉൾപ്പെടെയുള്ള മറ്റ് ആകർഷണങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി ആകര്‍ഷക സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. പ്രിയപ്പെട്ട താരങ്ങളുടെ ബാറ്റില്‍ നിന്ന് പിറക്കുന്ന സിക്‌സറുകള്‍ കാണികളെയും ഭാഗ്യശാലിയാക്കും. ഗാലറിയില്‍ ഇരുന്ന് ക്യാച്ചെടുക്കുന്നവര്‍ക്ക് 6000 രൂപയാണ് കെസിഎല്‍ ക്യാഷ് പ്രൈസായി ലഭിക്കുക. ഓണക്കാലത്ത് കളി കാണാനെത്തുന്നവര്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കാനും കൂടുതല്‍ കായികപ്രേമികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാനുമാണ് ഓരോ ക്യാച്ചിനും സമ്മാനം ഒരുക്കിയിരിക്കുന്നത്.

മത്സരത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മത്സരത്തിനിടെ കാണികള്‍ എടുക്കുന്ന ക്യാച്ചുകള്‍ ഈ വീഡിയോ സംവിധാനങ്ങള്‍ വഴി നിരീക്ഷിച്ചാകും വിജയികളെ കണ്ടെത്തുക. ക്യാച്ചെടുക്കുന്ന ഭാഗ്യശാലികള്‍ അന്നേ ദിവസം മത്സരം അവസാനിച്ചതിന് ശേഷം ഉടന്‍ തന്നെ സ്റ്റേഡിയത്തിലെ ഫാന്‍ വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഓണാവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെ കെസിഎല്‍ മൂന്നാം സീസണ്‍ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബസമേതം ആളുകള്‍ എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം മുതല്‍ ഗാലറികളില്‍ കാണികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കായികപ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.

മത്സരത്തിന്റെ ആവേശത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാന്‍ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് സ്റ്റേഡിയത്തിന്റെ അഞ്ചാം ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാന്‍ വില്ലേജ്. പ്രവേശനം തികച്ചും സൗജന്യമായ ഇവിടെ കൂട്ടുകാര്‍ക്കൊപ്പം സ്ലോ-മോഷന്‍ സിനിമാറ്റിക് വിഡിയോകള്‍ പകര്‍ത്താന്‍ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും ഡിജിറ്റല്‍ കാരിക്കേച്ചര്‍ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ ആംഗ്രി ബേര്‍ഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗണ്‍, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാര്‍ണിവല്‍ ഗെയിമുകള്‍ക്കൊപ്പം 'ബാറ്റണ്‍ ക്യാച്ചര്‍', ഭീമന്‍ 'കണക്റ്റ്-4' എന്നീ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.

ആരാധകര്‍ക്കായി ഔദ്യോഗിക ടീം മെര്‍ച്ചന്‍ഡൈസ് സ്റ്റാളുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി വിപുലമായ ഭക്ഷണശാലകളും ഇവിടെയുണ്ട്. ഓരോ ദിവസവും വേറിട്ട വിനോദ പരിപാടികളാണ് ഫാന്‍ വില്ലേജില്‍ ഒരുക്കിയിട്ടുള്ളതെന്നും, മികച്ച നിലവാരത്തിലുള്ള ഈ അനുഭവങ്ങള്‍ ഓണക്കാലത്തെ ക്രിക്കറ്റ് കാര്‍ണിവലിന് കൂടുതല്‍ മിഴിവേകുമെന്നും കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി.

YouTube video player