സൂററ്റ്: സയ്യിദ് മുഷ്താഖ് അലി ടി20യി കര്‍ണാടക- തമിഴ്‌നാട് ഫൈനല്‍. രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് തമിഴ്‌നാട് കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനാണ് സാധിച്ചത്. തമിഴ്‌നാട് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ഹരിയാനയെ തോല്‍പ്പിച്ചാണ് കര്‍ണാടക ഫൈനലില്‍ കടന്നത്. വിജയ് ഹസാരെ ട്രോഫിയിലും ഇവര്‍ തമ്മിലായിരുന്നു ഫൈനല്‍. കര്‍ണാടകയ്ക്കായിരുന്നു അന്ന്് ജയം.

ഓപ്പണറായി കളിച്ച ഇന്ത്യന്‍ ടെസ്റ്റ് താരം ആര്‍ അശ്വിന്‍ (33 പന്തില്‍ 31), ടി20 താരം വാഷിംഗ്ടണ്‍ സുന്ദര്‍ (46 പന്തില്‍ 54) എന്നിവരുടെ ഇന്നിങ്‌സാണ് തമിഴ്‌നാടിന് വിജയം എളുപ്പമാക്കിയത്. സുന്ദറിനൊപ്പം ബാബ അപരാജിത് (17) പുറത്താവാതെ നിന്നു. ഹരി നിഷാന്ത് (0), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നേരത്തെ രാജ്ഷ് ബിഷ്‌നോയ് (22 പന്തില്‍ 23), രവി ബിഷ്‌നോയ് (28 പന്തില്‍ പുറത്താവാതെ 22) എന്നിവര്‍ മാത്രമാണ് രാജസ്ഥാന് വേണ്ടി അല്‍പമെങ്കിലും ചെറുത്തുനിന്നത്. വിജയ് ശങ്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍, എം സിദ്ധാര്‍ത്ഥ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഹരിനായയ്‌ക്കെതിരെ എട്ട് വിക്കറ്റിനാണ് കര്‍ണാടക ജയിച്ചത്.