ഭാര്യയുടെ പ്രസവ സമയമായതിനാല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താന്‍ കളിക്കാനിടയില്ലെന്ന് തമീം നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു

ധാക്ക: ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ഓപ്പണര്‍ തമീം ഇക്ബാലിന്ഫെ പിന്‍മാറ്റം. ഭാര്യയുടെ പ്രസവ സമയമായതിനാല്‍ തമീം ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ നിന്ന് പിന്‍മാറി. തമീമിന് പകരക്കാരനായി ടി20 പരമ്പരയില്‍ ഇമ്രുള്‍ കെയ്സിനെ ബംഗ്ലാദേശ് ടീമിലെടുത്തിട്ടുണ്ട്.

ഭാര്യയുടെ പ്രസവ സമയമായതിനാല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താന്‍ കളിക്കാനിടയില്ലെന്ന് തമീം നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് പരമ്പരയില്‍ നിന്നുതന്നെ പിന്‍മാറാന്‍ തമീം തീരുമാനിക്കുകയായിരുന്നു.

ഇന്ത്യക്കെതിരെ മൂന്ന് ടി20യും രണ്ട് ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം തമീം ബംഗ്ലാദേശിനായി കളിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും പരിക്ക് കാരണം തമീം കളിച്ചിരുന്നില്ല.