വിശാഖപട്ടണം വേദിയായ ആദ്യ ട്വന്‍റി 20യില്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു
തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം കേരളം രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിലേക്ക്. രണ്ടാം ട്വന്‍റി 20 മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് ആറരയോടെ വിമാനമിറങ്ങുന്ന ടീമുകൾ നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. മറ്റന്നാളാണ് (26-11-2023) മത്സരം. ആദ്യമായാണ് തിരുവനന്തപുരത്ത് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. നാലാമത്തെ അന്താരാഷ്ട്ര ട്വന്‍റി 20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവാൻ ഒരുങ്ങുന്നത്. അടുത്തിടെ ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായിരുന്നു.
ടീം ഇന്ത്യക്ക് ഹയാത്ത് റീജന്‍സിയിലും ഓസീസിന് വിവാന്ത ബൈ താജിലുമാണ് താമസം. ശനിയാഴ്‌ച (25-11-2023) ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ഓസ്ട്രേലിയന്‍ ടീമും അഞ്ച് മണി മുതല്‍ എട്ട് മണി വരെ ടീം ഇന്ത്യയും സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനത്തിനിറങ്ങും. ഞായറാഴ്‌ചത്തെ രണ്ടാം ട്വന്‍റി 20 കഴിഞ്ഞ് തിങ്കളാഴ്‌ചയാണ് ഇന്ത്യ, ഓസീസ് ടീമുകള്‍ അടുത്ത മത്സരത്തിനായി ഗുവാഗത്തിയിലേക്ക് പറക്കുക. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്.
വിശാഖപട്ടണം വേദിയായ ആദ്യ ട്വന്‍റി 20യില്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. സ്കോര്‍: ഓസ്‌ട്രേലിയ- 208/3 (20), ഇന്ത്യ- 209/8 (19.5). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്‍റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടാനായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്‌സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി.
Read more: എന്തുകൊണ്ട് സൂര്യകുമാര്‍ യാദവ് മറ്റാരേക്കാളും അപകടകാരി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ആകാശ് ചോപ്ര
