ഹെഡിംഗ്‌ലി ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു.
ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് ലീഡ്സില്‍ തുടക്കമായപ്പോള്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയത്. മത്സരത്തിന് മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് ദു:ഖാചരണവും നടത്തിയശേഷമാണ് മത്സരം തുടങ്ങിയത്.
ഈ മാസം 12നാണ് അഹമ്മദാബാദിലെ സര്‍ദാര്‍വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീം ലൈനര്‍ വിമാനം ടേക്ക് ഓഫിന് പിന്നാലെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ക്യാംപസിന് മുകളില്‍ തകര്‍ന്നുവീണ് 241 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒരേയൊരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. 149 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചിഗീസുകാരും 32 ബ്രീട്ടീഷുകാരും ഒരു കാനഡക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഹെഡിംഗ്‌ലി ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തെരഞ്ഞെടുത്തിരുന്നു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്‌മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ്‌ലി ടെസ്റ്റിന്‍റെ മറ്റൊരു ആകര്‍ഷണം. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്‌പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.


