ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് താരലേലത്തിൽ പാകിസ്ഥാൻ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ തമ്മിൽ കടുത്ത മത്സരം. 

സിഡ്നി: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലേക്കുളള താരലേലത്തില്‍ പാക് താരങ്ങളെ സ്വന്തമാക്കാന്‍ ടീമുകള്‍ തമ്മില്‍ കടുത്ത മത്സരം. പാകിസ്ഥാന്‍ പേസറായ ഷഹീന്‍ അഫ്രീദിയെ ബ്രിസ്ബേന്‍ ഹീറ്റ് ടീമിലെത്തിച്ചു. സീസണ്‍ മുഴുവന്‍ അഫ്രീദിയെ ലഭ്യമാകുമെന്നത് ബ്രിസ്ബേന് നേട്ടമാകും. സ്പെന്‍സര്‍ ജോണ്‍സണ്‍, മൈക്കൽ നേസര്‍, സേവിയര്‍ ബാര്‍ട്‌ലെറ്റ് എന്നിവരടങ്ങിയ പേസ് പടക്കൊപ്പമാണ് അഫ്രീദിയും എത്തുന്നത്. ടോം അസ്ലോപ്പിനെയും ബ്രിസ്ബേന്‍ ഇന്ന് താരലേലത്തില്‍ ടീമിലെത്തിച്ചു.

അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിന്‍റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് പാക് പേസറായ ഹാരിസ് റൗഫിനെ മെല്‍ബൺ സ്റ്റാര്‍സ് നിലനിര്‍ത്തിയപ്പോള്‍ പാക് താരം മുഹമ്മദ് റിസ്‌വാനെ മെല്‍ബണ്‍ റെനഗെഡ്സ് സ്വന്തമാക്കി. ന്യൂസിലന്‍ഡ് താരം ടിം സീഫര്‍ട്ടും വിക്കറ്റ് കീപ്പറായി മെല്‍ബണ്‍ ടീമിലുണ്ട്.

Scroll to load tweet…

അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ലൂക്ക് വുഡിനെയും ഹസന്‍ അലിയെയും ടീമിലെത്തിച്ചപ്പോള്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സ് റിഷാദ് ഹൊസൈനെയും റെഹാന്‍ അഹമ്മദിനെയും ടീമിലെത്തിച്ചു. ബിഗ് ബാഷില്‍ അരങ്ങേറുന്ന പാക് താരം ബാബര്‍ അസമിനെ സിഡ്നി സിക്സേഴ്സ് ലേലത്തിന് മുമ്പുള്ള പ്രി സൈനിംഗിലൂടെ സ്വന്തമാക്കിയപ്പോള്‍ സാം കറനെ ലേലത്തില്‍ ടീമിലെടുത്തു. ഓസീസ് താരം സ്റ്റീവ് സ്മിത്തും സിഡ്നി സിക്സേഴ്സിന്‍റെ താരമാണ്. ലേലത്തിന് മുമ്പ് ഒരു വിദേശതാരത്തെ പ്രീ സൈനിംഗിലൂടെ സ്വന്തമാക്കാന്‍ ടീമുകള്‍ക്ക് അവസരമുണ്ടായിരുന്നു.

സിഡ്നി തണ്ടര്‍ ലോക്കി ഫെര്‍ഗ്യൂസനെയും ഷദാബ് ഖാനെയും ടീമിലെടുത്തു. ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഒരേയൊരു ഇന്ത്യൻ താരമായ സിദ്ധാര്‍ത്ഥ് കൗളിനും ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.വനിതാ ബിഗ് ബാഷ് താരലേലത്തില്‍ ഇന്ത്യയുടെ ജെമീമ റോഡ്രിഗസിനെ ബ്രിസ്ബേന്‍ ഹീറ്റ് റീടെന്‍ഷനിലൂടെ നിലനിര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക