1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശിഖര്‍ ധവാന്റെ (Shikhar Dhawan) നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യക്ക് റെക്കോര്‍ഡ്. മുന്‍ നായകരായ കപില്‍ ദേവ് (Kapil Dev), സൗരവ് ഗാംഗുലി, എം എസ് ധോണി, വിരാട് കോലി (Virat Kohli) എന്നിവര്‍ക്ക് സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡാണ് ധവാന് കിട്ടിയത്. വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് ധവാന്‍.

1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ടീം ഇന്ത്യ ഇതുവരെ നാല് തവണ മാത്രമാണ് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരിയത്. 2013ല്‍ വിരാട് കോലിയുടെ നേതൃത്തിലും (5-0), 2015ല്‍ അജിങ്ക്യാ രഹാനെക്ക് കീഴിലും (3-0), 2016ല്‍ എംഎസ് ധോണിക്ക് കീഴിലും (3-0) സിംബാബ്വെക്കെതിരെയും 2017ല്‍ വിരാട് കോലിക്ക് കീഴില്‍ ശ്രീലങ്കക്കെതിരെയും (5-0) ആണ് ഇന്ത്യ ഇതുവരെ വിദേശത്ത് ഏകദിന പരമ്പരകള്‍ തൂത്തുവാരിയിട്ടുളളത്.

മറ്റൊരു റെക്കോര്‍ഡ് കൂടി ടീം ഇന്ത്യക്ക് സ്വന്തമാക്കി. ഈ വര്‍ഷമാദ്യം വിന്‍ഡീസിനെ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്ത ഇന്ത്യക്ക് എതിരാളികളുടെ മടയിലും തൂത്തുവാരി ഒരു കലണ്ടര്‍ വര്‍ഷം ഈ നേട്ടം ആദ്യമായി സ്വന്തമാക്കാനായി. ഇതിന് മുമ്പ് രണ്ടേ രണ്ടു തവണ മാത്രമാണ് ഏതെങ്കിലും ഒര ടീം ഒരു കലണ്ടര്‍ വര്‍ഷം സ്വന്തം നാട്ടിലും എതിരാളികളുടെ നാട്ടിലും മലര്‍ത്തിയടിച്ചിട്ടുള്ളത്. 2021ല്‍ സിംബാബ്വെ, ബംഗ്ലാദേശിനെതിരെയും 2006ല്‍ കെനിയക്കെതിരെ ബംഗ്ലാദേശും ആണ് ഈ നേട്ടത്തിലെത്തിയത്.

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

42 റണ്‍സ് വീതം നേടിയ ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. കെയ്ല്‍ മയേഴസ് (0), ഷംറാ ബ്രൂക്‌സ്, (0), കീസി കാര്‍ടി (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷായ് ഹോപ് 22 റണ്‍സെടുത്തു. ജേസണ്‍ ഹോള്‍ഡര്‍ 9 റണ്‍സുമായി പുറത്താവാതെ നിന്നു. 

നേരത്തെ 98 റണ്‍സുമായി പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ പുറത്താവാതെ നില്‍ക്കുമ്പോള്‍ മഴയെത്തിയത് താരത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമാക്കി. ശിഖര്‍ ധവാന്‍ (58), ശ്രേയസ് അയ്യര്‍ (44) എന്നിവരും തിളങ്ങി. സൂര്യകുമാര്‍ യാദവ് (8) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജു സാംസണ്‍ (6) പുറത്താവാതെ നിന്നു. പരമ്പരയിലെ താരവും പ്ലയര്‍ ഓഫ് ദ മാച്ചും ഗില്ലാണ്.