മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും നിയമിതനായ രവി ശാസ്ത്രിയുടെ പ്രതിഫലം വര്‍ധിപ്പിക്കാന്‍ ബിസിസിഐ. നിലവിലെ പ്രതിഫലത്തില്‍ നിന്ന് 20 ശതമാനം വര്‍ധനയാണ് ശാസ്ത്രിക്ക് ലഭിക്കുകയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലകനെന്ന നിലയില്‍ എട്ട് കോടി രൂപയ്ക്ക് അടുത്താണ് നിലവില്‍ ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം. വര്‍ധന നടപ്പിലാവുന്നതോടെ 9.5 കോടി മുതല്‍ 10 കോടി രൂപയായി ഇത് ഉയരും. ശാസ്ത്രിക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പ്രതിഫലത്തിലും സമാനമായ വര്‍ധനയുണ്ട്.

ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന് വാര്‍ഷിക പ്രതിഫലമായി 3.5 കോടി രൂപയാണ് ലഭിക്കുക. ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറിനും ഇതിനു തുല്യമായ തുകയാവും പ്രതിഫലം. സഞ്ജയ് ബാംഗറിന് പകരം പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിതനായ വിക്രം റാത്തോഡിന് 2.5 കോടിക്കും മൂന്ന് കോടിക്കും ഇടയിലായിരിക്കും പ്രതിഫലം. സെപ്റ്റംബര്‍ ഒന്നുമുതലാണ് കരാര്‍ നിലവില്‍ വന്നത്.

ലോകകപ്പോടെ കാലാവധി പൂര്‍ത്തിയായ ശാസ്ത്രിയെ അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ വീണ്ടും പരിശീലകനായി തെരഞ്ഞെടുക്കുകയായിരുന്നു.