ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ഇമ്രാന്‍ നസീര്‍

ലാഹോര്‍: തോൽക്കുമെന്ന് ഭയമുള്ളതിനാലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ കളിക്കാത്തതെന്ന് മുൻതാരം ഇമ്രാൻ നസീർ. പാകിസ്ഥാനിൽ ഇപ്പോൾ സുരക്ഷ പ്രശ്നങ്ങൾ ഒന്നുമില്ല. ഓസ്ട്രേലിയ അടക്കമുള്ള ടീമുകൾ പാകിസ്ഥാനിൽ കളിച്ചു. സുരക്ഷയെന്ന ഒഴികഴിവ് പറയാതെ, രാഷ്ട്രീയം കളിക്കാതെ ഇന്ത്യ-പാകിസ്ഥാനിലേക്ക് വരണം. ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശം എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പാക് ജനതയ്ക്ക് മുന്നിൽ തോൽക്കുമെന്ന ഭയംകൊണ്ട് മാത്രമാണ് ഇന്ത്യ വരാതിരിക്കാൻ കാരണമെന്നും ഇമ്രാൻ നസീർ പറഞ്ഞു. 

ഏഷ്യ കപ്പിൽ പാകിസ്ഥാനിൽ ഇന്ത്യ കളിക്കാത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഇമ്രാൻ നസീറിന്‍റെ പ്രതികരണം. ഏഷ്യ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തായിരിക്കും നടക്കുക. 

സുരക്ഷാ പ്രശ്‌നങ്ങളും നയതന്ത്ര കാരണങ്ങളാലും ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ട് വര്‍ഷങ്ങളായി. ഇരു രാജ്യങ്ങളും പങ്കെടുക്കുന്ന ഏഷ്യ കപ്പ് വേദിയുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്തം നിലനിന്നിരുന്നു. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന ബിസിസിഐ നിലപാട് കാരണം അനിശ്ചിതത്വത്തിലായ ഏഷ്യ കപ്പ് സെപ്റ്റംബറില്‍ തന്നെ നടത്താന്‍ തീരുമാനമായി. ആകെ 13 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്‍റിന്‍റെ വേദിയായി പാകിസ്ഥാനെ നിലനിര്‍ത്തി. എന്നാൽ ഇന്ത്യൻ ടീമിന് പാകിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാകിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങള്‍ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റും. യുഎഇ, ഒമാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കുന്നത്. അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.

സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ ഏഷ്യ കപ്പ് കളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ വേദിയാവുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. എന്നാല്‍ ടീം ഇന്ത്യയുടെയും ഇന്ത്യ-പാക് മത്സരങ്ങള്‍ക്കും നിഷ്‌പക്ഷ വേദിയൊരുക്കി പ്രശ്‌നം നയപരമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. 

ഏഷ്യ കപ്പ്: പോരിനൊടുവില്‍ വേദി തീരുമാനമായി, ഇന്ത്യന്‍ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തേക്ക്