രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയന്‍ പരമ്പരയില്‍ വിരാട് കോലിയായിരുന്നു നായകന്‍. തോല്‍വിക്ക് പിന്നാലെ നായകസ്ഥാനമൊഴിഞ്ഞു. മാത്രമല്ല, കോലിയുടെ 100-ാം ടെസ്റ്റ് കൂടിയാണിത്.

മൊഹാലി: ഇന്ത്യ നാളെ (വെള്ളി) ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലും (Rohit Sharma) വിരാട് കോലിയിലുമാണ് (Virat Kohli). രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയന്‍ പരമ്പരയില്‍ വിരാട് കോലിയായിരുന്നു നായകന്‍. തോല്‍വിക്ക് പിന്നാലെ നായകസ്ഥാനമൊഴിഞ്ഞു. മാത്രമല്ല, കോലിയുടെ 100-ാം ടെസ്റ്റ് കൂടിയാണിത്.

ശ്രീലങ്കയ്‌ക്കെതിരെ വലിയ ആധിപത്യമുണ്ട് ഇന്ത്യക്ക്. ടീമിനെ കാത്ത് വലിയ റെക്കോര്‍ഡുമുണ്ട്. ഇന്ത്യയില്‍ ഇരുവരും 20 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 11 തവണണയും ഇന്ത്യക്കായിരുന്നു ജയം. ഒമ്പത് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ശ്രീലങ്കയ്ക്ക് ഒരിക്കല്‍ പോലും ഇന്ത്യയെ ഇവിടെ തോല്‍പ്പിക്കാനായിട്ടില്ല. രോഹിത് ശര്‍മ ശ്രമിക്കുന്നതും കണക്ക് അതുപോലെ നിലനിര്‍ത്താനാണ്.

ലങ്കയ്‌ക്കെതിരെ ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ഒരു വന്‍നേട്ടമെത്തും. ടെസ്റ്റില്‍ കൂടുതല്‍ തവണ ശ്രീലങ്കയെ തോല്‍പ്പിക്കുന്ന ടീമായി ഇന്ത്യ മാറും. നിലവില്‍ ലങ്കയ്‌ക്കെതിരെ 20 ജയങ്ങളാണ് ഇന്ത്യക്കുള്ളത്. സ്പിന്നര്‍മാരെ സഹായിക്കുന്ന മൊഹാലി പിച്ച് ഇന്ത്യക്ക് അനായാസം വിജയം നല്‍കുമെന്നാണ് വിലയിരുത്തല്‍. 

രണ്ട് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക. മൊഹാലിയില്‍ മികച്ച റെക്കോര്‍ഡുള്ള അശ്വിനും ഹോം ട്രാക്കില്‍ വിക്കറ്റുവേട്ട നടത്തുന്ന രവീന്ദ്ര ജഡേജയും ടീമിലുണ്ടാവും. ഹോം ട്രാക്കുകളില്‍ 21.01 ശരാശരിയില്‍ 162 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. മൊഹാലിയില്‍ മാത്രം മൂന്ന് മത്സരങ്ങളില്‍ 16 വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്.

അശ്വിനെ കാത്ത് റെക്കോര്‍ഡ്

അശ്വിന് ഒരു റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാവാനുള്ള അവസരമാണ് താരത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ അദ്ദേഹത്തിന് കപില്‍ ദേവിനെ മറികടക്കാം. നിലവില്‍ 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 35കാരന് കപില്‍ ദേവിനെ മറികടക്കാം. 131 ടെസ്റ്റില്‍ നിന്ന് 131 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്.

കോലിയുടെ നൂറാം ടെസ്റ്റ്.

നൂറ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരാമാവാന്‍ ഒരുങ്ങുകയാണ് വിരാട് കോലി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു കോലിയുടെ അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് 33കാരന്‍ നേടിയിട്ടുണ്ട്. 

നൂറാം ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് സ്റ്റാര്‍ പേസറും ഉപനായകനുമായ ജസ്പ്രീത് ബുമ്ര വ്യക്തമാക്കി. ''100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും സ്‌പെഷ്യലായ നേട്ടമാണ്. ഇന്ത്യന്‍ ടീമിനായി ഏറെ സംഭാവനകള്‍ നല്‍കിയ താരമാണ് കോലി, അത് തുടരും. തന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ പിന്നിടുന്ന കോലിയെ അഭിനന്ദിക്കുന്നു. നൂറ് ടെസ്റ്റുകളെന്നത് കോലിയുടെ കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണ്. നൂറാം ടെസ്റ്റില്‍ വിജയത്തേക്കാള്‍ വലിയൊരു സമ്മാനം കോലിക്ക് നല്‍കാനില്ല.'' എന്നും ജസ്പ്രീത് ബുമ്ര കൂട്ടിച്ചേര്‍ത്തു. 

കാണികളെ അനുവദിക്കും

കോലിയുടെ ചരിത്ര മത്സരത്തില്‍ ഗാലറിയില്‍ അന്‍പത് ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ബിസിസിഐ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു.