ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മുതല്‍ നാല് മാസം വരെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ജസ്പ്രീത് ബുമ്രക്ക് വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ട്
മുംബൈ: പരിക്ക് സംബന്ധിച്ച വലിയ ആശങ്കകള്‍ക്കിടെ ഇന്ത്യന്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ശസ്‍ത്രക്രിയക്കായി ന്യൂസിലന്‍ഡിലെത്തി. ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ബുമ്ര ശസ്ത്രക്രിയക്ക് തയ്യാറായത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഏഴ് മാസമെടുത്തിട്ടും ബുമ്രയുടെ ആരോഗ്യം മെച്ചപ്പെടാത്ത സാഹചര്യത്തില്‍ താരത്തിനോട് ശസ്ത്രക്രിയ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിർദേശിച്ചിരുന്നു. ഇതോടെയാണ് ബുമ്ര ന്യൂസിലന്‍ഡിലേക്ക് തിരിച്ചത്. ജോഫ്ര ആർച്ചർ, ഷെയ്ന്‍ ബോണ്ട് തുടങ്ങിയ താരങ്ങളുടെ ശസ്ത്രക്രിയ വിജയകരമായി മുമ്പ് പൂർത്തിയാക്കിയ ഡോക്ടർ റോവന്‍ സ്കൗട്ടനാണ് ബുമ്രയേയും ചികില്‍സിക്കുക.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മുതല്‍ നാല് മാസം വരെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ജസ്പ്രീത് ബുമ്രക്ക് വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ട്. വിവിധ പരമ്പരകള്‍ക്ക് പുറമെ ബോർഡർ-ഗാവസ്കർ ട്രോഫി, ഐപിഎല്‍ 2023 എന്നിവയ്ക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ബുമ്രക്ക് നഷ്ടമാകും എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ശസ്ത്രക്രിയ വൈകിയത് ബുമ്രയുടെ ആരോഗ്യം കൂടുതല്‍ വഷളാക്കി എന്നാണ് സൂചന. ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായ വിശ്രമവും പരിശീലനവും കഴിഞ്ഞ് ഫിറ്റ്നസ് തെളിയിച്ച ശേഷമേ ബുമ്രക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാകൂ. അതിനാല്‍ തന്നെ താരത്തിന്‍റെ തിരിച്ചുവരവ് എപ്പോഴുണ്ടാകും എന്ന് ഇപ്പോള്‍ പറയാനാവില്ല.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ ഏറ്റ പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രക്ക് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് വിവാദമായി. ഫിറ്റ്നസ് തെളിയിക്കാന്‍ ബുമ്രക്ക് ആയില്ലെന്നും ശസ്ത്രക്രിയ അനിവാര്യമാണെന്നും ഇതിന് പിന്നാലെ വ്യക്തമാവുകയായിരുന്നു.
ജസ്‍പ്രീത് ബുമ്രയുടെ കാര്യം വിട്; നടക്കാന്‍ സാധ്യതയുള്ള വല്ലതും ആലോചിക്കാന്‍ നിർദേശിച്ച് മുന്‍ താരം
