Asianet News MalayalamAsianet News Malayalam

ഇന്ത്യയൊരുക്കിയ കെണിയില്‍ വീണു; ടെസ്റ്റ് പരമ്പര നഷ്ടമാവാനുള്ള കാരണം തുറന്നുപറഞ്ഞ് ടിം പെയ്ന്‍

കളിക്ക് പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് പരമ്പരയുടെ ഫോക്കസ് തന്നെ ആ കാര്യത്തിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ ടീം എപ്പോഴും മിടുക്കരാണെന്നും പെയ്ന്‍

Team India's sideshows distracted Australia says Tim Paine on Test series loss
Author
Sydney NSW, First Published May 13, 2021, 11:45 AM IST

സിഡ്നി: ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയെക്കുറിച്ച് വിശദീകരണവുമായി ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. ഇന്ത്യ ഒരുക്കിയ കെണിയില്‍ വീണുപോയതാണ് ടെസ്റ്റ് പരമ്പര നഷ്ടമാവാന്‍ കാരണമെന്ന് പെയ്ന്‍ ഓസ്ട്രേലിയന്‍ മാധ്യമത്തോട് പറഞ്ഞു.

ഗ്രൗണ്ടിന് പുറത്തെ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ച് നമ്മുടെ ലക്ഷ്യം തന്നെ മാറ്റാന്‍ ഇന്ത്യന്‍ ടീം മിടുക്കരാണ്. ഉദാഹരണമായി, ഇന്ത്യ അവസാന ടെസ്റ്റ് കളിക്കാന്‍ ബ്രിസ്ബേനിലെ ഗാബയിലേക്ക് പോവില്ലെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയുടെ ഗതിയെന്താവും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായി.

അത് കളിയിലെ ഞങ്ങളുടെ ശ്രദ്ധ കളയാന്‍ കാരണമായി. ഇത്തരത്തിലുള്ള തന്ത്രങ്ങളിലൂടെയാണ് അവര്‍ പരമ്പരയില്‍ ആധിപത്യം നേടിയതെന്നും കളിക്ക് പുറത്തെ കാര്യങ്ങള്‍ പറഞ്ഞ് പരമ്പരയുടെ ഫോക്കസ് തന്നെ ആ കാര്യത്തിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ ടീം എപ്പോഴും മിടുക്കരാണെന്നും പെയ്ന്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയിട്ടും പരമ്പര ഇന്ത്യ 2-1ന് ജയിച്ചിരുന്നു. ബ്രിസ്ബേനില്‍ നടന്ന അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ ഐതിഹാസിക ജയം നേടിയ ഇന്ത്യ 1988നുശേഷം ഓസ്ട്രേലിയയെ ബ്രിസ്ബേനില്‍ തോല്‍പ്പിക്കുന്ന ആദയ ടീമെന്ന നേട്ടവും സ്വന്തമാക്കി.

സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെ നടന്ന വംശീയ അധിക്ഷേപങ്ങളുടെ പേരില്‍ ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാനായി ബ്രിസ്ബേനില്‍ പോകരുതെന്നും പരമ്പര ഉപേക്ഷിച്ച് മടങ്ങണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios