വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം 42 ദിവസം നീളുന്ന ന്യൂസിലൻഡ് പര്യടനത്തിന് ഒരുങ്ങുന്നു. അഞ്ച് ടി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവ അടങ്ങുന്ന പരമ്പരയിൽ 42 താരങ്ങളെയാണ് പരീക്ഷിക്കുന്നത്. ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവും ഏകദിന ടീമിലെ ക്യാപ്റ്റൻസി മാറ്റങ്ങളുമാണ് പ്രധാന സവിശേഷതകൾ.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പരീക്ഷയ്ക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡ് പര്യടനമാണ്. ഇന്ത്യന്‍ ടീമിന്റെ ആഴവും കരുത്തും പരീക്ഷിക്കുന്ന പരമ്പരയാവുമിത്. ഈമാസം 22നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന് തുടക്കമാവുക. 42 ദിവസം നീണ്ടുനില്‍ക്കുന്ന ന്യുസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം കളിക്കുക അഞ്ച് വീതം ട്വന്റി 20യും ഏകദിനവും രണ്ട് ടെസ്റ്റും. ഇന്ത്യ എ ടീമിന് മൂന്ന് പരിശീലന മത്സരങ്ങളും. പ്രഖ്യാന്‍ ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റില്‍ പരമ്പരയില്‍ പരീക്ഷിക്കുന്നത് നാല്‍പ്പത്തിരണ്ട് താരങ്ങളെ.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വര്‍ കുമാര്‍ തിരികെ എത്തിയതാണ് ടീമിലെ പ്രധാന സവിശേഷത. ട്വന്റി 20യില്‍ ജസ്പ്രീത് ബുംറയുടെ അഭാവം മുപ്പത്തിയാറുകാരനായ ഭുവനേശ്വര്‍ നികത്തുമെന്നാണ് സെലക്ടര്‍മാരുടെയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെയും പ്രതീക്ഷ. രവി ബിഷ്‌ണോയിക്ക് പകരം പരിക്കുമാറിയ വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തി. താരങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ ഏകദിന ടീമിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ആദ്യ മൂന്ന് കളിയില്‍ ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കും.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് അവസാന രണ്ട് ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അന്‍ഷുല്‍ കംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ തിലക് വര്‍മ്മ, കുമാര്‍ കുശാഗ്ര, ആഖിബ് നബി, യഷ് താക്കൂര്‍ എന്നിവര്‍ ടീമിലെത്തും. ശ്രേയസ് അയ്യരായിരിക്കും ക്യാപ്റ്റന്‍. ഇഷാന്‍ കിഷന് വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം. ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധിക്കാനായി ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയ യശശ്വീ ജയ്‌സ്വാള്‍ ഇന്ത്യ എയുടെ മൂന്ന് സന്നാഹമത്സരത്തിലും കളിക്കും. റെഡ്‌ബോള്‍ പരിചയത്തിനായി കെ എല്‍ രാഹുലിനെയും അന്‍ഷുല്‍ കംബോജിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജസ്പ്രീത് ബുംറയെയും ടെസ്റ്റ് പരമ്പരയ്ക്കായി കാത്തുവയ്ക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ കളിച്ച രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതും ശ്രദ്ധേയം. അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത് അക്‌സര്‍ പട്ടേലിനെയന്നും വ്യക്തം. ജാര്‍ഖണ്ഡ് വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയാണ് ടീമിലെ പുതുമുഖം. ഇന്ത്യ എ ടീമിനൊപ്പം സന്നാഹമത്സരം കളിച്ചാണ് കുശാഗ്ര അവസാന രണ്ട് ഏകദിനത്തില്‍ ഇന്ത്യന്‍ കീപ്പറായെത്തുക. റിഷഭ് പന്ത് പരിക്കില്‍നിന്ന് മുക്തനായില്ലെങ്കില്‍ ടെസ്റ്റ് ടീമിലും കുശാഗ്രയ്ക്ക് അവസരം കിട്ടിയേക്കും.

ആദ്യ മൂന്ന് ടെസ്റ്റില്‍ നിന്ന് 23 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതറിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനമാണ് എല്ലാവരേയും അമ്പരപ്പിച്ചത്. ഇന്ത്യ എ ടീമില്‍ ഇടംപിടിച്ചത് മാത്രമാണ് മാനവിന്റെ ആശ്വാസം.

YouTube video player