എന്നാല്‍ നീണ്ട യാത്രക്കൊടുവില്‍ ഗുവാഹത്തിയിലിറങ്ങി ഇന്ത്യന്‍ ടീം, ഇംഗ്ലണ്ടുമായുള്ള സന്നാഹ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങി ടോസ് ഇട്ടെങ്കിലും അതിനുശേഷം കനത്ത മഴ പെയ്തതോടെ മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്നത് കണ്ടു നില്‍ക്കേണ്ടിവന്നു.
തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിന് പിന്നാലെ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന രണ്ടാം സന്നാഹമത്സരവും മഴ കൊണ്ടുപോയതോടെ രണ്ട് മത്സരങ്ങളിലും മഴ കാണാന്‍ മാത്രമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര ചെയ്തത് 6,115 കിലോ മീറ്റര്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് വേദിയായ രാജ്കോട്ടില്‍ നിന്നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായുള്ള ആദ്യ സന്നാഹ മത്സരത്തിനായി ഗുവാഹത്തിയിലെത്തിയത്.
എന്നാല്‍ നീണ്ട യാത്രക്കൊടുവില്‍ ഗുവാഹത്തിയിലിറങ്ങി ഇന്ത്യന്‍ ടീം, ഇംഗ്ലണ്ടുമായുള്ള സന്നാഹ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങി ടോസ് ഇട്ടെങ്കിലും അതിനുശേഷം കനത്ത മഴ പെയ്തതോടെ മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്നത് കണ്ടു നില്‍ക്കേണ്ടിവന്നു. ഗുവാഹത്തിയിലെ സന്നാഹ മത്സരം ഉപേക്ഷിച്ചതോടെ നെതര്‍ലന്‍ഡ്സുമായുള്ള രണ്ടാം സന്നാഹ മത്സരത്തിലായി ഇന്ത്യയുടെ പ്രതീക്ഷ.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം നടക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്നലെ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക മത്സരം ഓവറുകള്‍ വെട്ടിക്കുറച്ചിട്ടാണെങ്കിലും പൂര്‍ത്തിയാക്കാനായത് പ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ഇന്നലെ രാത്രി മുതല്‍ തിരുവനന്തപുരത്ത് തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ രണ്ടാം സന്നാഹവും മഴയില്‍ ഒലിച്ചുപോയി. അങ്ങനെ രാജ്കോട്ടില്‍ നിന്ന് ഗുവാഹത്തിയിലെയും തിരുവനന്തപുരത്തെയും മഴ കാണാനായി മാത്രം ഇന്ത്യന്‍ ടീം ആറായിരത്തോളം കിലോ മീറ്റര്‍ യാത്ര ചെയ്തത് വെറുതെയായി. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം കാണാമെന്ന മലയാളികളുടെ പ്രതീക്ഷകള്‍ കൂടിയാണ് ഇന്നത്തെ മഴയില്‍ ഒലിച്ചുപോയത്.
അഞ്ചിന് അഹമ്മദാബാദില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. തിരുവവന്തപുരത്തു നിന്ന് ഇന്ത്യന്‍ ടീം നേരെ ചെന്നൈയിലേക്കാകും പോകുക.
