കൊളംബൊ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍. ശ്രീലങ്കയില്‍ കൊവിഡ് കേസുകള്‍ കുറവാണെങ്കിലും മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമനാനം. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 

ലങ്കയിലെത്തുന്ന ടീം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഇതില്‍ മൂന്ന് ദിവസം കടുപ്പമായിരിക്കും. റൂമില്‍ തന്നെ കഴിയേണ്ടിവരും. മൂന്ന് ദിവസങ്ങള്‍ ശേഷം മാത്രമെ താരങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള അനുമതിയുണ്ടാവൂ. ജൂലൈ അഞ്ചിനായിരിക്കും ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാവുക. സോണി നെറ്റ്‌വര്‍ക്കിലൂടെയാണ് മത്സരം സംപ്രേക്ഷണം ചെയ്യുക. ഏകദിന മത്സരം ഉച്ചയ്ക്ക് 1.30നും  ടി20 മത്സരങ്ങള്‍ രാത്രി ഏഴിനും ആരംഭിക്കും. 

ഇന്ത്യയെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതില്‍ ടീമിനെ നയിക്കാനുള്ള യോ്ഗ്യത ശ്രേയസ് അയ്യര്‍ക്കായിരുന്നു. എന്നാല്‍ അദ്ദേഹം പരിക്കുമാറി തിരിച്ചെത്തുമോ എന്നുള്ളത് ഉറപ്പില്ല. അതുകൊണ്ടുതന്നെ അയ്യരുടെ കാര്യത്തില്‍ ഇതുവരെ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. 

അയ്യര്‍ കായികകഷമത വീണ്ടെടുത്തില്ലെങ്കില്‍ ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാള്‍ ടീമിനെ നയിക്കുമെന്നാണ് അറിയുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയേക്കും.