പുരുഷ 400 മീറ്റര്‍ റിലേ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ആരോക്യ രാജീവിന് പകരമാണ് തേജസ്വിന്‍ ടീമിലെത്തിയത്. പരിശീലന മത്സരങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് ആരോക്യ രാജീവിനെ ഒഴിവാക്കിയത്.

ദില്ലി: ഇന്ത്യയുടെ ഹൈജംപ് താരം തേജസ്വിൻ ശങ്കറിന് കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാം. ആദ്യഘട്ടത്തിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന തേജസ്വിൻ ശങ്കർ കോടതി ഉത്തരവ് നേടിയാണ് ഇന്ത്യൻ സംഘത്തിൽ എത്തിയത്. വൈകിയതിനാൽ കോമൺവെൽത്ത് അധികൃതർ ഉൾപ്പെടുത്താനുള്ള ആവശ്യം നിരസിച്ചെങ്കിലും പിന്നീട് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

നേരത്തെ റിലേ ടീമിലുണ്ടായിരുന്ന ആരോക്യ രാജീവിന്‍റെ ഒഴിവിലാണ് തേജസ്വിൻ ശങ്കറിനെ അത്‍ലറ്റിക്സിൽ ടീമിൽ ഉൾപ്പെടുത്തിയത്. ഒരേ ഇനത്തിലുള്ള താരത്തിന് മാത്രമേ പകരം അവസരം നൽകാൻ പാടുള്ളൂവെന്നാണ് നിയമമെങ്കിലും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്‍റെ ആവശ്യം കോമൺവെൽത്ത് ഗെയിംസ് അധികൃതർ അംഗീകരിക്കുകയായിരുന്നു. 23കാരനായ തേജസ്വിൻ ശങ്കർ ദേശീയ റെക്കോർഡ് ജേതാവാണ്.

കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് നാണക്കേട്; ഉത്തേജകമരുന്നില്‍ കുടുങ്ങി രണ്ട് അത്‌ലറ്റുകള്‍

പുരുഷ 400 മീറ്റര്‍ റിലേ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ആരോക്യ രാജീവിന് പകരമാണ് തേജസ്വിന്‍ ടീമിലെത്തിയത്. പരിശീലന മത്സരങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് ആരോക്യ രാജീവിനെ ഒഴിവാക്കിയത്. തേജസ്വിന് പുറമെ മലയാളി താരം എം വി ജില്‍നക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാന്‍ സംഘാടക സമിതി അവസാന നിമിഷം അനുമതി നല്‍കിയിരുന്നു. 4*100 മീറ്റര്‍ റിലേയിലാണ് ജില്‍ന മത്സരിക്കുന്നത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട സേകര്‍ ധനലക്ഷ്മിക്ക് പകരമാണ് ജില്‍നയെ ടീമിലുള്‍പ്പെടുത്തിയത്.

ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 322 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.