കൊളംബൊ: പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിവരുന്നു. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്ക ഡിസംബറില്‍ പാകിസ്ഥാനിലെത്തും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് ലങ്കന്‍ പര്യടനം. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ശ്രീലങ്ക പാകിസ്ഥാനിലെത്തിയിരുന്നു. മൂന്ന് വീതം ഏകദിനവും ടി20യുമാണ് ലങ്ക കളിച്ചത്. 

എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളാല്‍ ലങ്കയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സമാന്മാര്‍ പാകിസ്ഥാനില്‍ എത്തിയിരുന്നില്ല. റാവല്‍പിണ്ടിയില്‍ ഡിസംബര്‍ 11 മുതലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 19 മുതല്‍ കറാച്ചിയില്‍ ആരംഭിക്കും. പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനില്ലെന്ന് ശ്രീലങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇങ്ങനെയൊരു തീരുമാനമെടുത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സാകിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.