മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കടുപ്പമേറിയതാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍. ഇതിഹാസ താരങ്ങളായ ഹാഷിം അംല, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ എന്നിവരുടെ വിരമിക്കലിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്ന ആദ്യ പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക  പരമ്പര നടക്കുന്നത്. 

'ഒട്ടേറെ മുതിര്‍ന്ന താരങ്ങളുടെ മേല്‍ വിമര്‍ശകരുടെ കണ്ണുകളുണ്ട്. ടീം ഇന്ത്യ മികച്ച പ്രകടനം നടത്തും എന്നിരിക്കേ തുടക്കത്തിലെ തിരിച്ചടി നല്‍കാനായിരിക്കണം നമ്മുടെ ശ്രമം. സാവധാനം തുടങ്ങുന്ന ടീം എന്നാണ് ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ നല്ല തുടക്കം നമുക്ക് നേടേണ്ടതുണ്ട്. താരങ്ങളുടെ മേല്‍ വലിയ സമ്മര്‍ദമുണ്ട്. ഇത്, അന്താരാഷ്‌ട്ര ക്രിക്കറ്റാണ്, അതിനെ മാറ്റിനിര്‍ത്തിയേ മതിയാകൂ. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പുത്തന്‍ ആശയമാണ്. താരങ്ങള്‍ക്ക് വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. വമ്പന്‍ ടീമുകള്‍ക്കെതിരെ മത്സരിക്കാനാകുന്നത് വലിയ കാര്യമാണ്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിക്കുക കടുപ്പാണ്. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ മാത്രമാണ് ശ്രദ്ധ. താരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായും പരമ്പര മാറും. പരമ്പര തുടങ്ങാനായി അധികനാള്‍ കാത്തിരിക്കാനാവില്ല' എന്നും ഫിലാന്‍ഡര്‍ പറഞ്ഞു. 

കഴിഞ്ഞ തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോള്‍ മികച്ച ഫോമിലായിരുന്നു വെര്‍നോണ്‍ ഫിലാന്‍ഡര്‍. 15 വിക്കറ്റുകളാണ് അന്ന് ഫിലാന്‍ഡര്‍ കൊയ്‌തത്. ഒക്‌ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക. ഫാഫ് ഡുപ്ലസിസാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.