ദുബായ്: വനിത ടി20യില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി തായ്‌ലന്‍ഡ് ടീം. ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച ടീമെന്ന റെക്കോഡാണ് തായ്‌ലന്‍ഡ് വനിതകളെ തേടിയെത്തിയത്. നെതര്‍ലന്‍ഡ്‌സ് വനിതകളെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ഈ റെക്കോഡ് അവരെ തേടിയെത്തിയത്. ടീമിന്റെ 17ാം വിജയമായിരുന്നിത്. 

വനിതാ ടി20 യില്‍ തുടര്‍ച്ചയായി 16 മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയന്‍ ടീമിന്റെ റെക്കോഡാണ് തായ്‌ലന്‍ഡ് വനിതകള്‍ മറികടന്നത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സിംബാബ്വെ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് പത്തോ അതിലധികമോ മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചിട്ടുള്ളത്. 

ഓസീസ് വനിതകള്‍ രണ്ട തവണ ഈ നേട്ടം സ്വന്തമാക്കി. ഒരിക്കല്‍ 12 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തായ് വനിതകള്‍ ജയിച്ച് തുടങ്ങിയത്. യുഎഇക്കെതിരെയായിരുന്നു ആദ്യജയം.