തിരിച്ചുവരവ് ഒക്കെ ഗംഭീരമായി, അതിനിടയിലും നാണംകെട്ട് മൊയീന്‍ അലി, പിഴശിക്ഷ

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ കൈ ഉണക്കാനുള്ള സ്‌‌പ്രേ ബൗളിംഗ് കൈയില്‍ ഉപയോഗിച്ചതിന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്ക് മാച്ച് റഫറിയുടെ പിടി. മാച്ച് ഫീയുടെ 25 ശതമാനം തുക മൊയീന്‍ അലി പിഴയായി അടയ്‌ക്കണം എന്നാണ് നിര്‍ദേശം. ഐസിസി പെരുമാറ്റ ചട്ടത്തിലെ ലെവല്‍ വണ്‍ വിഭാഗത്തിലെ വകുപ്പ് 2.20 അലി ലംഘിച്ചതായാണ് കണ്ടെത്തല്‍. മൈതാനത്തെ ഈ മോശം നടപടിക്ക് ഒരു ഡീമെറിറ്റ് പോയിന്‍റ് അലിക്ക് വിധിച്ചിട്ടുമുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെയുള്ള മൊയീന്‍ അലിയുടെ ആദ്യ അച്ചടക്കലംഘനമാണിത്. 

രണ്ടാം ദിനം ഓസ്‌‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 89-ാം ഓവറിലായിരുന്നു സംഭവം. തൊട്ടടുത്ത ഓവര്‍ എറിയാനായി വരുന്നതിന് മുന്നോടിയായി ബൗണ്ടറിലൈനില്‍ വച്ച് മൊയീന്‍ അലി കൈയില്‍ സ്‌പ്രേ അടിക്കുകയായിരുന്നു. ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടിട്ടുണ്ട്. അംപയര്‍മാരുടെ അനുമതി തേടാതെ താരങ്ങള്‍ ഒന്നും കൈയില്‍ പുരട്ടാന്‍ പാടില്ല എന്ന നിര്‍ദേശത്തിന് വിരുദ്ധമാണിത്. ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റാണ് അലി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. മൊയീന്‍ അലി കുറ്റമേറ്റ് പറഞ്ഞതിനാല്‍ കൂടുതല്‍ വിശദീകരണം തേടലുകളുണ്ടാവില്ല. കൈ ഉണക്കാൻ മാത്രമാണ് അലി സ്‌പ്രേ ഉപയോഗിച്ചത് എന്ന് മാച്ച് റഫറിക്ക് ബോധ്യമായിട്ടുണ്ട്. ഇതിനാല്‍ തന്നെ പന്തില്‍ അലി കൃത്രിമം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടില്ല. പന്തില്‍ കൃത്രിമം കാട്ടാനായിരുന്നു താരത്തിന്‍റെ ശ്രമമെങ്കില്‍ ശിക്ഷ കൂടുതല്‍ കടുത്തതാകുമായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോടും മൂന്നാം അംപയറോടും നാലാം അംപയറോടും വിശദീകരണം തേടിയ ശേഷമാണ് മാച്ച് റഫറി ശിക്ഷ വിധിച്ചത്. 

ടെസ്റ്റ് ടീമിലേക്ക് വിരമിക്കല്‍ പിന്‍വലിച്ച് മടങ്ങിയെത്തിയ മൊയീന്‍ അലി മത്സരത്തില്‍ പന്ത് കൊണ്ട് തിളങ്ങിയിരുന്നു. ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ട്രാവിഡ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങളുടെ നിര്‍ണായക വിക്കറ്റുകള്‍ അലി സ്വന്തമാക്കി. ഹെഡിനെ 50 റണ്‍സെടുത്ത് നില്‍ക്കേ സാക്ക് ക്രൗലിയുടെ കൈകളില്‍ എത്തിച്ചപ്പോള്‍ ഗ്രീനിനെ 38ല്‍ വച്ച് ഉഗ്രന്‍ ബോളില്‍ ബൗള്‍ഡാക്കുകയായിരുന്നു. ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ 17 പന്തില്‍ 18 റണ്‍സുമായി അലി മടങ്ങിയിരുന്നു. 

Read more: 40ലും മധുരപ്പതിനേഴ്! ക്യാരിയുടെ കുറ്റി പിഴുത് കരിയറില്‍ മാന്ത്രിക നമ്പര്‍ തികച്ച് ആന്‍ഡേഴ്‌സണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News