പതിനഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ ജയിംസ് ആന്ഡേഴ്‌സണ് ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസര്‍ എന്ന നേട്ടത്തിലെത്താം
എഡ്‌ജ്‌ബാസ്റ്റണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം എന്ന് വിശേഷിക്കപ്പെടുന്ന ആഷസ് ടെസ്റ്റ് പരമ്പരയുടെ 2023 എഡിഷന് ഇംഗ്ലണ്ടില്‍ തുടക്കമായിരിക്കുകയാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ടും ഓസീസും വിജയത്തുടക്കത്തിനായി മുഖാമുഖം പോരടിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഇംഗ്ലീഷ് പേസ് ത്രയമായ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരുടെ പട്ടികയില്‍ സ്ഥാനമുള്ള ഇരുവരും അഞ്ച് ടെസ്റ്റുകളുടെ ആഷസ് പൂര്‍ത്തിയാകുമ്പോഴേക്കും നാഴികക്കല്ലുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്.
പതിനഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ ജയിംസ് ആന്ഡേഴ്‌സണ് ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ പേസര്‍ എന്ന നേട്ടത്തിലെത്താം. ജിമ്മിയുടെ ഭാഗ്യ ജോഡിയായ സ്റ്റുവര്‍ട്ട് ബ്രോഡിന് 18 വിക്കറ്റുകള്‍ സ്വന്തമാക്കിയാല്‍ 600 വിക്കറ്റ് ക്ലബിലുമെത്താം. 180 ടെസ്റ്റുകളില്‍ 685 വിക്കറ്റുകളുമായി ജയിംസ് ആന്ഡേഴ്‌സണ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ലങ്കയുടെ മുത്തയ്യ മുരളീധരനും(800), ഓസീസിന്‍റെ ഷെയ്‌ന്‍ വോണും(708) മാത്രമാണ് ജിമ്മിക്ക് മുന്നിലുള്ളത്. 2003ല്‍ ടെസ്റ്റ് കരിയര്‍ തുടങ്ങിയ ജിമ്മി രണ്ട് പതിറ്റാണ്ട് കളത്തില്‍ പൂര്‍ത്തിയാക്കി. അതേസമയം വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമതുള്ള സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ നേട്ടം 163 മത്സരങ്ങളില്‍ 582 വിക്കറ്റുകളാണ്. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിലെ ആദ്യ അഞ്ച് പേരിലുള്ള രണ്ടേ രണ്ട് പേസര്‍മാരാണ് ജിമ്മിയും ബ്രോഡും. 2007ലായിരുന്നു ബ്രോഡിന്‍റെ ടെസ്റ്റ് അരങ്ങേറ്റം.
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബെൻ ഡക്കെറ്റ്, സാക്ക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ്, ജോണി ബെയ്ർസ്റ്റോ, മോയീൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. ജിമ്മി ആന്‍ഡേഴ്‌സണ്‍ ആഷസ് പരമ്പരയോടെ വിരമിക്കുമെന്ന ആഭ്യൂഹങ്ങള്‍ നേരത്തെയുണ്ടായിരുന്നു എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
