മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് 12 കോടി രൂപയാണ് ബിസിസിഐ വാര്‍ഷി പ്രതഫലമായി നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ തത്വത്തില്‍ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ഗംഭീറിന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ധാരണയിലെത്താനാവാത്തതിനാലാണെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററെന്ന നിലയില്‍ വലിയ പ്രതിഫലമാണ് ഗംഭീറിന് ലഭിച്ചിരുന്നതെന്നാണ് സൂചന. മൂന്ന് വര്‍ഷ കരാറില്‍ ഇന്ത്യൻ ടീം പരിശീലകനാവാനൊരുങ്ങുന്ന ഗംഭീറിന്‍റെ പ്രതിഫലം സംബന്ധിച്ച് ഇതുവരെ ബിസിസിഐ ഒന്നും വ്യക്തമാക്കിയിട്ടില്ല.

മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് 12 കോടി രൂപയാണ് ബിസിസിഐ വാര്‍ഷി പ്രതഫലമായി നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗംഭീര്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിഎല്ലില്‍ കിരീടം നേടിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായി തുടരാന്‍ ടീം ഉടമ ഗംഭീറിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയ ഗംഭീര്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വിടവാങ്ങല്‍ വീഡിയോ ചിത്രീകരണത്തിന്‍റെ ഭാഗമായെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നിട്ടും ഗംഭീറിനെ ബിസിസിഐ ഇതുവരെ ഇന്ത്യൻ പരീലകനായി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് പ്രതിഫലകാര്യത്തില്‍ ധാരണയിലെത്താത്തതിനാലാണെന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ജസ്പ്രീത് ബുമ്രക്ക് മറ്റൊരു ബഹുമതി കൂടി; രോഹിത്തിനെ മറിടകന്ന് ജൂണിലെ ഐസിസി താരം

അടുത്ത മൂന്നു വര്‍ഷത്തേക്കാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേല്‍ക്കുക. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീര്‍ പരിശീലക സ്ഥാനത്ത് തുടരുക. നിലവിലെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാന്‍ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു.

ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തില്‍ ലോകകപ്പ് താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ജൂനിയര്‍ താരങ്ങളെ പരമ്പരക്ക് അയച്ചപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ വിവിഎസ് ലക്ഷ്മണാണ് താല്‍ക്കാലിക പരിശീലകനായി ടീമിനൊപ്പം പോയത്. ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയോടെയാവും ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പ്രതിഫലക്കാര്യത്തില്‍ ധാരണയിലെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക