സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പതിവ് ആകാശനീല ജേഴ്സിക്ക് പകരം കടും നീല ജേഴ്സിയും ധരിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാനിരങ്ങിയത്. 1992ലെ ഏകദിന ലോകകപ്പില്‍ ധരിച്ചതിന് സമാനമായ ജേഴ്സിയാണ് ഇത്തവണ ഇന്ത്യ ഓസീസ് പര്യടനത്തില്‍ ധരിക്കുന്നത്.

ആദ്യ മത്സരത്തിന് മുന്നേ കളിക്കാര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സി ധരിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ജേഴ്സിക്കെതിരെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ജേഴ്സിയില്‍ ഇന്ത്യ എന്നെഴുതിയിരിക്കുന്നതിനൊപ്പം തന്നെ സ്പോണ്‍സറായ ബൈജൂസിന്‍റെ പേരും കാണാം. ഇതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്.

ഇതിന് പുറമെ വലതുവശത്തെ ബിസിസിഐ ലോഗോയുടെ അതേ വലിപ്പത്തില്‍ പുതിയ കിറ്റ് സ്പോണ്‍സര്‍മായ എംപിഎല്ലിന്‍റെ ലോഗോ ഇടതുവശത്തുണ്ട്. ഇതും വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ ബിസിസിഐ ലോഗോക്ക് മുകളിലെ മൂന്ന് നക്ഷത്രങ്ങളെക്കുറിച്ച് ആരാധകര്‍ ദിവസങ്ങളായി ചര്‍ച്ച ചെയ്യുകയായിരുന്നു.

ജേഴ്സിയിലെ ഓരോ ഇഞ്ച് സ്ഥലത്തിനും ബിസിസിഐ വിപണിമൂല്യം കണ്ടെത്തുമെന്നതിനാല്‍ ഈ മൂന്ന് നക്ഷത്രങ്ങള്‍ എന്തിനാണെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ ആ സംശയത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ഇന്ത്യ നേടിയ മൂന്ന് ലോകകപ്പ് വിജയങ്ങളെ ഓര്‍മിപ്പിക്കാനായാണ് മൂന്ന് നക്ഷത്രങ്ങള്‍. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലുമാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്.