ഇന്ത്യന്‍ ക്രിക്കറ്റിലെ അഭിമാനസ്തംഭമായി ഇതിനകം മാറിക്കഴിഞ്ഞു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയം

അഹമ്മദാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയം. ലോകകപ്പിന്‍റെ ഉദ്‌ഘാടന ചടങ്ങ് ഉള്‍പ്പടെയുള്ള ഏറ്റവും പ്രധാന സംഭവങ്ങള്‍ക്കെല്ലാം വേദിയാവുന്നത് ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള ഈ സ്റ്റേഡിയമാണ്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ അഭിമാനസ്തംഭമായി ഇതിനകം മാറിക്കഴിഞ്ഞു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളത് നിരവധി സവിശേഷതകള്‍. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യം ഇവിടുണ്ട്. ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ഇന്‍ഡോര്‍ പ്രാക്‌ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്‌സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്‍റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സ്റ്റേഡിയത്തിന്‍റെ സവിശേഷതയാണ്. അതിനാല്‍ തന്നെ ലോകകപ്പിലെ ഉദ്‌ഘാടന ചടങ്ങും ഉദ്‌ഘാടന മത്സരവും ഫൈനലും അടക്കം നടക്കുന്നത് അഹമ്മദാബാദിലാണ്. ഏറ്റവും കൂടുതല്‍ കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനം. 

ഒക്ടോബര്‍ നാലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പുരുഷന്‍മാരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരി തെളിയും. ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബര്‍ 14 ആണ് നരേന്ദ്ര മോദി സ്റ്റേഡിയം കാത്തിരിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പ് മത്സരം. അന്നേദിനം അഹമ്മദാബാദില്‍ അയല്‍ക്കാരായ ടീം ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. വരാനിരിക്കുന്ന ലോകകപ്പില്‍ ഇതിനോളം പോന്നൊരു ഗ്രൂപ്പ് മത്സരം വേറെയില്ല. നവംബര്‍ നാലിന് ലോക ക്രിക്കറ്റിലെ ബന്ധവൈരികളായ മറ്റ് ടീമുകളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇവിടെ നേര്‍ക്കുനേര്‍ വരും. നവംബര്‍ പത്തിന് ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍ മത്സരമാണ് ഇവിടെ നടക്കുന്ന മറ്റൊരു ഗ്രൂപ്പ് കളി. ഒക്ടോബര്‍ 19നാണ് അഹമ്മദാബാദില്‍ വച്ച് കലാശപ്പോര് നടക്കുക. 

Read more: രാഹുല്‍ ദ്രാവിഡ് ലോകകപ്പ് തിരക്കില്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ടീമിന് മറ്റ് പരിശീലകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം