ചെന്നൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കോച്ച്-ക്യാപ്റ്റന്‍ കൂട്ടുകെട്ട് ആരെന്ന് വ്യക്തമാക്കി ഐപിഎല്ലല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ഷെയ്ന്‍ വാട്സണ്‍, ചെന്നൈ നായകനായ എം എസ് ധോണിയും പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് താന്‍ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മികച്ച ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ടെന്ന് വാട്സണ്‍ പറഞ്ഞ‌ു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല ലീഗിലും പല ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേത് ഭാഗത്തായാലും ചെന്നൈ ടീമിനെപ്പോലെ ഇത്രയും സംഘടിതമായി കളിക്കുന്ന ഒരു ടീമിനെ കണ്ടിട്ടില്ല. കളിക്കളത്തിലും പുറത്തും ചെന്നൈ ടീമിന്റെ സംഘാടനം ഏറ്റവും മികച്ചതാണ്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ടീം ഉടമ എന്‍ ശ്രീനിവാസനും കോച്ച് സറ്റീഫന്‍ ഫ്ലെമിംഗിനും ക്യാപ്റ്റന്‍ എം എസ് ധോണിക്കുമാണ്.

ഓരോ കളിക്കാരനില്‍ നിന്നും ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ ഫ്ലെമിംഗിനും ധോണിക്കുമാവും. അതുപോലെ ചെന്നൈയുടെ പരിശീലക സംഘവും ലോകത്തിലെ ഏറ്റവും മികച്ചവരാണ്. ഇതുകൊണ്ടൊക്കെത്തന്നെ ചെന്നൈക്കായി കളിക്കാന്‍ കഴിയുന്നത് എപ്പോഴും അഭിമാനമായി കരുതുന്നു-വാട്സണ്‍ പറഞ്ഞു.