തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടി20ക്കിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്തിനെ കാണികള്‍ കൂകിവിളിച്ചത് ശരിയായ പ്രവണതയല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ടിനു യാഹന്നാന്‍. സ്വന്തം കാണികൾക്ക് മുന്നിൽ അവസരം കിട്ടിയില്ലെങ്കിലും സ‌ഞ്ജു നിരാശപ്പെടേണ്ടെന്നും ഇനിയും അവസരം ലഭിക്കുമെന്നും അതിനായി കാത്തിരിക്കണമെന്നും ടിനു പറഞ്ഞു. 

ഹോം ഗ്രൗണ്ടില്‍ സഞ്ജു സാംസണ് അവസരം നല്‍കാതെ ഫോമിലല്ലാത്ത ഋഷഭ് പന്തിനെ ടീം ഇന്ത്യ നിലനിര്‍ത്തിയതാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ പന്തിനെ കൂകിവിളിക്കുകയായിരുന്നു സ്‌പോര്‍ട്‌സ് ഹബ്ബിലെ ആരാധകര്‍. കാണികളോട് വായടക്കാന്‍ നായകന്‍ വിരാട് കോലി പറയുന്നതും സ്റ്റേഡിയത്തില്‍ കാണാനായി. ആരാധകരുടെ കൂകിവിളിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 

ഹോം ഗ്രൗണ്ടില്‍ സ‍ഞ്ജുവിന് അവസരം ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ടോസിന് മുൻപുവരെ സഞ്ജു സാംസൺ ആയിരുന്നു സ്‌പോർട്സ് ഹബ്ബിലെ താരം. ഇന്ത്യൻ ടീം സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ ആവേശം ഇരട്ടിയായി. കോച്ച് രവി ശാസ്‌ത്രിക്കും സഹതാരങ്ങൾക്കുമൊപ്പമുള്ള സഞ്ജുവിന്റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തതോടെ മലയാളിതാരം കളിക്കുമെന്ന പ്രതീക്ഷകൂടി.

കോലിയെയല്ല സഞ്ജുവിന് വേണ്ടിയാണ് കാര്യവട്ടം കാത്തിരുന്നതെന്ന് കമന്റേറ്റർ ഹർഭ ഭോഗ്‍ലേ അടക്കമുള്ളവർ അഭിപ്രായപ്പെട്ടെങ്കിലും തൊട്ടുപിന്നാലെ എല്ലാവരുടേയും ആവേശം നിരാശയിലേക്ക് വീണു. സ്റ്റേഡിയത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പേര് മുഴങ്ങിയപ്പോൾ ഗാലറിയിൽ കൂവൽ ഉയ‍ർന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങിയപ്പോൾ കൈയടിയിലേക്ക് മാറി. എങ്കിലും കാര്യവട്ടത്തെ കാണികളുടെ പെരുമാറ്റം നാണക്കേടായി.